Skip to main content

കുട്ടനെല്ലൂർ ഗവ.കോളേജ് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

കുട്ടനെല്ലൂർ ഗവ.സി അച്ച്യുതമേനോൻ കോളേജിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷ പരിപാടികൾക്ക് പ്രൗഢഗംഭീര തുടക്കം. സുവർണ ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കാൻ സാധിക്കുന്നുണ്ടെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. വിദ്യാഭ്യാസത്തിൽ സർക്കാർ -  സർക്കാരിതര കാഴ്ചപ്പാടില്ലാതെ അതിൻ്റെ മൂല്യം മാത്രം ഉയർത്തിപ്പിടിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. 

2021-22 വർഷത്തെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ ഓൺലൈൻ റിസോഴ്സ് ഇനീഷ്യേറ്റീവ് കൊളീജിയറ്റ് എജ്യുക്കേഷൻ സ്റ്റുഡിയോയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.   വിദ്യാഭ്യാസം ഒരു മൂലധനമാണെന്നും അതിൻ്റെ കാതലായ വശങ്ങൾ ഉൾക്കൊണ്ട് നല്ല സം‌സ്കാരം വളർത്തിയെടുക്കണമെന്നും മന്ത്രി രാജൻ അഭിപ്രായപ്പെട്ടു.  അലുംമ്നി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോളേജിൽ നടപ്പാക്കുന്ന സൈക്കിൾ ചലഞ്ചിൻ്റെ ഉദ്ഘാടനം മേയർ എം കെ വർഗീസ് നിർവഹിച്ചു.

തൃശൂരിൽ 1972 ഓഗസ്റ്റ് പതിനാലാം തീയതി ആരംഭിച്ച കലാലയമാണ് സി അച്ച്യുതമേനോൻ ഗവൺമെന്റ് കോളേജ്. തൃശൂർ ട്രെയിനിംഗ് കോളേജ് ക്യാമ്പസിൽ ആരംഭിച്ച ഈ കലാലയം 1991ൽ ഇപ്പോൾ സ്ഥിതിചെയ്യുന്ന കുട്ടനെല്ലൂരിലെ ഇരുപത്തിയഞ്ചേക്കർ സ്ഥലത്തെ വിശാലമായ ക്യാമ്പസിലേക്ക് മാറ്റി. 1997 ൽ ശ്രീ സി അച്ച്യുതമേനോൻ ഗവൺമെന്റ് കോളേജ് തൃശൂർ എന്ന് പുനർനാമകരണം ചെയ്തു. 

2012 ൽ ഇന്ത്യയിലെ ഏറ്റവും നല്ല കോളേജിനായി രാഷ്ട്രപതി സമ്മാനിച്ച ദേശീയ എൻ എസ് എസ് പുരസ്കാരമടക്കം ഒട്ടനവധി നേട്ടങ്ങൾ കലാലയത്തിന് സ്വന്തമാണ്. തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ-സാമൂഹിക  പുരോഗതിക്ക് വലിയ സംഭാവനകൾ നൽകാൻ കഴിഞ്ഞിട്ടുള്ള കലാലയത്തിൽ കോമേഴ്സ്, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നീ മൂന്ന് ഗവേഷണ വിഭാഗങ്ങളും അഞ്ച് ബിരുദാനന്തര ബിരുദ കോഴ്സുകളും ഒൻപത് ബിരുദ കോഴ്സുകളും ഉണ്ട്. 1400 ൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൽ 60 അധ്യാപകരും 25 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.

അൻപതാണ്ട് പൂർത്തിയാകുന്ന വേളയിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണ്ണജൂബിലി ആഘോഷപരിപാടികൾ കോളേജിന്റെ അക്കാദമികവും ഭൗതികവുമായ യശസ് മുൻ നിർത്തിയാണ് വിഭാവനം ചെയ്യുന്നത്.

ചടങ്ങിൽ പി ബാലചന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർ ശ്യാമള വേണുഗോപാൽ, പ്രിൻസിപ്പാൾ ഡോ. ആർ രമ്യ, കൊമേഴ്സ് വിഭാഗം മേധാവി എസ് വി രാജ് കുമാർ, വർഗീസ് വാഴപ്പിള്ളി, ടി കെ രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.

date