Skip to main content

റീബിൽഡ് കേരള-സംരംഭകത്വ വികസന പദ്ധതിക്ക് ജില്ലയിൽ തുടക്കം

റീബിൽഡ് കേരള ഇനീഷ്യേറ്റീവ് എന്റർപ്രൈസസ് ഡെവലപ്മെന്റ് പ്രോഗ്രാമിന് തൃശൂർ ജില്ലയിൽ തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം റവന്യൂ മന്ത്രി കെ രാജൻ ശ്രീനാരായണപുരം തേവർപ്ലാസ ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ മതിലകം, ചേർപ്പ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്തുകൾക്ക് 15 കോടി രൂപയാണ് നൽകുന്നത്. 

തിരഞ്ഞെടുത്ത ഓരോ ബ്ലോക്ക് പ്രദേശത്തും പരമാവധി സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ പ്രളയബാധിതമായ 14 ബ്ലോക്കുകളിൽ കാർഷിക– കാർഷികേതര മേഖലകളിൽ  പുതിയ സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീകൾക്കും പുരുഷന്മാർക്കും പദ്ധതിയിൽ അംഗങ്ങളാകാം. സംരംഭകർക്കാവശ്യമായ മൂലധനം കുറഞ്ഞ പലിശയ്ക്ക് ബ്ലോക്ക്തല സമിതികൾ ലഭ്യമാക്കും.  തൃശൂർ ജില്ലയിൽ ആദ്യഘട്ടത്തിൽ പ്രളയ ബാധിതമായ മതിലകം, ചേർപ്പ്, ചാലക്കുടി എന്നീ ബ്ലോക്കുകളിൽ പദ്ധതി അനുവദിച്ചു. രണ്ട് വർഷം കൊണ്ട്  ഒരു ബ്ലോക്കിൽ 1200 സംരംഭങ്ങൾ വീതം ആരംഭിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഓരോ ബ്ലോക്കിനും അഞ്ച് കോടി വീതമാണ് അനുവദിച്ചിരിക്കുന്നത്.  ബ്ലോക്ക്തല സമിതികൾക്ക് കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ടായി നൽകുന്ന 3 2 കോടി രൂപയിൽ നിന്നാണ് വായ്പ അനുവദിക്കുക. വ്യക്തിഗത സംരംഭത്തിന് 50000 രൂപയും ഗ്രൂപ്പ് സംരംഭത്തിന് 150000 രൂപയും 4 ശതമാനം പലിശ നിരക്കിൽ പരമാവധി രണ്ട് വർഷ തിരിച്ചടവ് കാലാവധിയിൽ നൽകുന്നു. 

ബ്ലോക്ക് പരിധിയിലെ നഗരഗ്രാമ സിഡിഎസ് ചെയർപേഴ്സൺമാരും എം.ഇ കൺവീനർമാരും അടങ്ങിയ ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ബ്ലോക്ക് നോഡൽ സൊസൈറ്റി ഫോർ എന്റർപ്രൈസ് പ്രൊമോഷനാണ് (ബി.എൻ.എസ് ഇ പി) പദ്ധതിയുടെ നടത്തിപ്പ് ചുമതല. ബി.എൻ.എസ്.ഇ.പിയെ സംരംഭ വികസന പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിന് എം.ഇ.സിമാർ (മൈക്രോ എന്റർപ്രൈസസ് കൺസൽറ്റൻറ്) അടങ്ങിയ ബ്ലോക്ക് റിസോഴ്സ് സെന്റർ ഒരു ഓഫീസ് സംവിധാനമായി പ്രവർത്തിച്ച് ആവശ്യമായ സേവനങ്ങൾ നൽകുന്നു. ഇവർ സംരംഭകരെ കണ്ടെത്തുന്നത് അയൽക്കൂട്ട മൊബിലൈസേഷൻ വഴിയാണ്. സംരംഭകർക്ക് കുടുംബ പിന്തുണ ലഭിക്കുന്നതിന് കുടുംബാംഗങ്ങളുമായി ടിഗറിങ് മീറ്റിംഗും നടത്തും.  ഈ ഘട്ടം കടന്ന് വരുന്ന ആളുകളെ ഒരു ദിവസത്തെ ജനറൽ ഓറിയന്റേഷൻ പരിശീലനത്തിലും രണ്ട് ദിവസത്തെ എന്റർപ്രൈസ് ഡെവലപ്മെന്റ് പരിശീലനത്തിലും പങ്കെടുപ്പിക്കുന്നു. കൂടാതെ നിശ്ചിത മേഖലയിൽ പരിശീലനം വേണ്ട ആളുകൾക്ക് കുടുംബശ്രീ ജില്ലാമിഷൻ എംപാനൽമെന്റിലൂടെ തിരഞ്ഞെടുത്ത ഏജൻസികൾ വഴി ഒരുക്കി കൊടുക്കുന്നു. സംരംഭങ്ങൾക്ക് എം.ഇ.സിമാരുടെ സഹായത്തോടെ കമ്മിറ്റി അംഗീകാരവും സാമ്പത്തിക സഹായവും ലഭ്യമാക്കും.

മതിലകം ബ്ലോക്കിൽ ഇതുവരെയായി 20 എം.ഇ.സിമാരും 35 യൂണിറ്റുകളും ചേർപ്പിൽ 9 എം.ഇ.സിമാരും 64 യൂണിറ്റുകളും ചാലക്കുടിയിൽ 12 എം.ഇ.സിമാരും 65 യൂണിറ്റുകളും ആരംഭിച്ചിട്ടുണ്ട്. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. മതിലകം ബ്ലോക്ക് പ്രസിഡന്റ് സി കെ ഗിരിജ, ചേർപ്പ് ബ്ലോക്ക് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം അഹമ്മദ്, കെ എസ് ജയ, എസ് എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.

date