Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു 

വാർഷിക പദ്ധതി ഭേദഗതി അംഗീകരിക്കുന്നത് സംബന്ധിച്ചും വാർഷിക പദ്ധതി പുരോഗതി അവലോകനം ചെയ്യുന്നത് സംബന്ധിച്ചും ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. തൃശൂർ ജില്ലാ പ്ലാനിംഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 2021-22 വാർഷിക പദ്ധതി പുരോഗതിയുടെ അവലോകനപ്രകാരം സംസ്ഥാന തലത്തിൽ തൃശൂർ ജില്ലയ്ക്ക് ഒന്നാം സ്ഥാനമാണ് ലഭിച്ചിട്ടുള്ളത്.  സംസ്ഥാന ശരാശരിയായ 36.70 ശതമാനമാണ് ജില്ലയിലെ പദ്ധതി നിര്‍വഹണ പുരോഗതിയെന്നത് യോഗം വിലയിരുത്തി. 

പദ്ധതി നിര്‍വഹണ പുരോഗതിയിൽ ജില്ലാ അടിസ്ഥാനത്തിൽ  ഗ്രാമപഞ്ചായത്തുകൾക്ക് 38.25 ശതമാനം, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 38.24 ശതമാനം, മുനിസിപ്പാലിറ്റികൾക്ക് 35.45 ശതമാനം, ജില്ലാ പഞ്ചായത്തിന് 30.05 ശതമാനം, കോർപ്പറേഷന് 37 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ.  27 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച വാർഷിക പദ്ധതി ഭേദഗതികൾക്ക് യോഗം അംഗീകാരം നല്‍കി. ഇതോടെ ജില്ലയിലെ 110 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാർഷിക പദ്ധതി അംഗീകാരം നൽകി കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പ് നിലനിന്നിരുന്നതിനാൽ വാർഷിക പദ്ധതി അംഗീകാരം വാങ്ങാൻ കഴിയാത്ത ഗ്രാമ പഞ്ചായത്തുകൾക്ക് അംഗീകാരം വാങ്ങുന്നതിനുള്ള തിയതി ഡിസംബർ 20 വരെ നീട്ടി നൽകി. ജില്ലയിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് മാത്രമാണ് ഇക്കാരണത്താൽ വാർഷിക പദ്ധതി അംഗീകാരം വാങ്ങാനുള്ളത്. 

ആർ ഐ ഡി എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ ഒരേക്കറിന് മുകളിൽ വരുന്ന തിരഞ്ഞെടുത്ത 54 ജലാശയങ്ങളുടെ എസ്റ്റിമേറ്റ് യോഗത്തിൽ കൈമാറി. ഇതിന് പുറമെ ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ പാറളം, ചേർപ്പ്,  വല്ലച്ചിറ, അവിണിശ്ശേരി പ്രദേശങ്ങളിൽ നീർത്തട പദ്ധതിയ്ക്ക് ഡിപിസി അംഗീകാരം നൽകി. 

യോഗത്തിൽ ഗവൺമെൻ്റ് നോമിനി ഡോ. എം എൻ സുധാകരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ആസൂത്രണ സമിതി അംഗങ്ങളായ
കെ വി സജു, വി എസ് പ്രിൻസ്, ജനീഷ് പി ജോസ്, ലീല സുബ്രമണ്യൻ, ലത ചന്ദ്രൻ, സുഗത ശശിധരൻ, കെ എസ് ജയ, ഷീന പറയങ്ങാട്ടിൽ, പി എം അഹമ്മദ്, പി എൻ സുരേന്ദ്രൻ, സീത രവീന്ദ്രൻ, സി പി പോളി മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

date