Skip to main content

നാടിന്റെ വികസനത്തിന് നിരക്ഷരത തടസ്സം: അഡ്വ. എ രാജ എം എല്‍ എ.

 

നാടിന്റെ വികസനത്തിന് എന്നും തടസ്സമായി നില്ക്കുന്നത് നിരക്ഷരതയാണെന്ന് ദേവികുളം എം എല്‍ എ അഡ്വ. എ രാജ. പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടുക്കി ജില്ലയിലെ അവശേഷിക്കുന്ന നിരക്ഷരതയും തുടച്ചു നീക്കണം. ജില്ലയിലെ 15 വയസിനു മുകളില്‍ പ്രായമുള്ള മുഴുവന്‍ നിരക്ഷരരെയും സാക്ഷരരാക്കാന്‍ നാട് ഒന്നടങ്കം രംഗത്തിറങ്ങണമെന്ന് എം എല്‍ എ പറഞ്ഞു. പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പഠിതാക്കളെ കണ്ടെത്താനുള്ള വിവരശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മറയൂര്‍ പഞ്ചായത്തിലെ കുമ്മിട്ടാംകുഴി എസ് ടി സെറ്റില്‍മെന്റ് കോളനിയിലെ പിച്ചൈയുടെ ഭാര്യ 62 കാരി മുരുകമ്മാളില്‍ നിന്നും വിവരശേഖരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരതാ മിഷന്‍ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ പി. എം. അബ്ദുള്‍ കരീം പദ്ധതി വിശദീകരിച്ചു. ഇടുക്കി ജില്ലയിലെ 20000 നിരക്ഷരരെ 2022 മാര്‍ച്ച് 31 ഓടെ സാക്ഷരരാക്കാനുള്ള കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയാണ് പഠ്ന ലിഖ് ന അഭിയാന്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 

കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ധനസഹായത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്. സംസ്ഥാനത്ത് തിരുവനന്തപുരം, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു ജില്ലകള്‍. ഇടുക്കി ജില്ലയില്‍ നിന്ന് പദ്ധതിയുടെ ഭാഗമായി 2000 സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തി പഠിതാക്കള്‍ക്ക് ക്ലാസുകള്‍ നല്കും.വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും, സന്നദ്ധ സംഘടനകളുടെയും സാമൂഹ്യ സാംസ്‌കാരിക  രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സേവനംം ഇതിനായി ഉപയോഗപ്പെടുത്തും. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് ജില്ലയിലെ 7000 പഠിതാക്കളെയും പട്ടികജാതി വിഭാഗത്തില്‍ നിന്ന് 5000 പേരെയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും പൊതു വിഭാഗത്തില്‍ നിന്നുമായി 8000 പേരെയും പദ്ധതിയുടെ ഭാഗമായി കണ്ടെത്തി സാക്ഷരരാക്കും. യോഗത്തില്‍ മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി ജോസഫ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് മണികണ്ഠന്‍ ബി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോമോന്‍ തോമസ്, ദീപ അരുള്‍ ജ്യോതി, സത്യവതി പളനിസ്വാമി, ജില്ലാ പഞ്ചായത്തംഗം സി രാജേന്ദ്രന്‍, പഞ്ചായത്തംഗം കുട്ടിരാജ്, എസ് സി പ്രമോട്ടര്‍ ജയലക്ഷ്മി മോഹന്‍, പഞ്ചായത്ത് റിസോഴ്സ് പേഴ്സന്‍ അഞ്ജന സുശീല്‍ എസ്, വാര്‍ഡ്  റിസോഴ്സ് പേഴ്സന്‍മാരായ സെല്‍വി ഗണേശന്‍, ശരണ്യരാജന്‍, തേന്‍മൊഴി, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ വാസന്തി ആര്‍ എന്നിവര്‍ പങ്കെടുത്തു.   

date