Skip to main content

കേരളത്തിന്റെ ആരോഗ്യമേഖല ശരിയായ ദിശയില്‍;  അതിജീവിച്ചത് വലിയ വെല്ലുവിളികളെ: ഡെപ്യൂട്ടി സ്പീക്കര്‍ 

സംസ്ഥാനത്തിന്റെ ആരോഗ്യമേഖല പ്രവര്‍ത്തിക്കുന്നതു ശരിയായ ദിശയിലാണെന്നും ഇക്കഴിഞ്ഞ കാലയളവുകളില്‍ കേരളം അതിജീവിച്ചതു വലിയ വെല്ലുവിളികളെയാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം കുരമ്പാല തെക്ക് ആതിരമല പ്രാഥമികാരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ അനുഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതു സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായിട്ടാണ്. ആരോഗ്യവകുപ്പ് കരുത്തുറ്റ കരങ്ങളിലാണുള്ളത്. സദുദ്ദേശ പ്രവര്‍ത്തനങ്ങളാണു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇപ്പോഴും നടന്നുവരുന്നത്. ഡി.എം.ഒ, ഡി.പി.എം, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, നഴ്‌സുമാര്‍, ആശാ വര്‍ക്കര്‍മാര്‍, ലാബ് ടെക്‌നീഷ്യന്മാര്‍, ഫാര്‍മസിസ്റ്റുകള്‍, ആശുപത്രിയിലെ ശുചീകരണ ജീവനക്കാര്‍ അടക്കമുള്ള ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതു കൊണ്ടാണു സംസ്ഥാനത്തിന് ആരോഗ്യ മേഖലയില്‍ വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

അടൂര്‍ നിയോജക മണ്ഡലത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം, കുടുബാരോഗ്യ ഉപകേന്ദ്രം തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ചാണു കെട്ടിടം പണിപൂര്‍ത്തീകരിച്ചത്. പന്തളം നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ ജനങ്ങളുടെ ആശ്രയകേന്ദ്രം കൂടിയായ ഈ ആതുരാലയത്തിനു സ്വന്തമായി ഒരു കെട്ടിടം എന്ന നാട്ടുകാരുടെ ദീര്‍ഘകാലമായുള്ള സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. ബിനുഭവനില്‍ ജനാര്‍ദ്ദനക്കുറുപ്പ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഉപകേന്ദ്രത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. 

ചടങ്ങില്‍ ആതിരമല കുടുംബാരോഗ്യകേന്ദ്രത്തിനു സ്ഥലം സൗജന്യമായി വിട്ടുനല്‍കിയ കടമാന്‍കോട്ട് ബിനുഭവനില്‍ എന്‍.ജനാര്‍ദ്ദനക്കുറുപ്പ്, ഭാര്യ സരസ്വതി അമ്മ എന്നിവരെ ഡെപ്യൂട്ടി സ്പീക്കര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ജനാര്‍ദ്ദനക്കുറുപ്പിന്റെ പിതാവ് കടമാന്‍കോട്ട് നാരായണക്കുറുപ്പിന്റെ സ്മരണാര്‍ഥമാണു കെട്ടിടത്തിനു പേരിട്ടിരിക്കുന്നത്. ജനാര്‍ദ്ദനക്കുറുപ്പിന്റെ വീടിന്റെ ഒരു മുറിയിലായിരുന്നു 30 വര്‍ഷമായി പ്രാഥമികാരോഗ്യ ഉപകേന്ദ്രം  പ്രവര്‍ത്തിച്ചിരുന്നത്. 

പന്തളം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ജി.രാജേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.ജി അജിതകുമാരി, അംബികാ രാജേഷ്, പി.ഗോപിനാഥക്കുറുപ്പ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ആര്‍.ജ്യോതികുമാര്‍, എസ്.രാജേന്ദ്രന്‍, ബി.പ്രദീപ്, ഡി.പ്രകാശ്, എന്‍.പരമേശ്വര കുറുപ്പ്, മാത്യു സാമുവേല്‍, എ.ജി.മധു, മുന്‍ കൗണ്‍സിലര്‍ എ.രാമന്‍, കണ്‍വീനര്‍ പ്രദീപ് കുരമ്പാല, ഡോ. നിഥിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ജില്ല നിര്‍മ്മിതി കേന്ദ്രം ആയിരുന്നു പദ്ധതിയുടെ നിര്‍മ്മാണ ചുമതല.

date