Skip to main content

ന്യായവിലയിൽ പച്ചക്കറികൾ : തക്കാളി വണ്ടി ജില്ലയിലും 

സംസ്ഥാനത്തെ പച്ചക്കറികളുടെ വില വർദ്ധനവ്  നിയന്ത്രിക്കുന്നതിനായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന തക്കാളി വണ്ടിക്ക് ജില്ലയിലും തുടക്കമായി. ന്യായ വിലയിൽ പച്ചക്കറികൾ നേരിട്ട് കർഷകരിൽ നിന്നും ഉപഭോക്താക്കളിലേക്ക് എന്ന ലക്ഷ്യത്തോടെയുള്ള വിപണി  ഇടപെടലുകളുടെ ഭാഗമായാണ്  ജില്ലയിൽ രണ്ട് സഞ്ചരിക്കുന്ന പച്ചക്കറിവിൽപ്പന ശാലകൾ പ്രവർത്തനമാരംഭിച്ചത്. തക്കാളി വണ്ടിയുടെ ഉദ്ഘാടനം തൃശൂർ ടൗൺ ഹാൾ പരിസരത്ത്  എം എൽ എ   പി ബാലചന്ദ്രനും  മാള കെ എസ് ആർ ടി സി പരിസരത്ത്  എം എൽ എ  വി ആർ സുനിൽകുമാറും നിർവഹിച്ചു. ജനുവരി ഒന്ന് വരെ ഈ വിൽപ്പനശാലകൾ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും മുൻ നിശ്ചയിച്ച തീയതി പ്രകാരം എത്തുന്നതാണ്. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ കർഷകരിൽനിന്ന് സംഭരിച്ചും മറുനാടൻ പച്ചക്കറികൾ ഹോർട്ടികോർപ്പ് മുഖേന സംഭരിച്ചുമാണ് ഇതിലൂടെ വിൽപ്പന നടത്തുന്നത്. പ്രാദേശിക വിപണിയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഈ സഞ്ചരിക്കുന്ന വാഹനങ്ങളിൽ വിൽപ്പന നടക്കുന്നത്. ഇത് കൂടാതെ ജില്ലയിലെ ഇക്കോ ഷോപ്പുകൾ, ആഴ്ച ചന്തകൾ, ഹോർട്ടികോർപ്പ് ഔട്ട്ലെറ്റ്, വി എഫ് പി സി കെ യുടെ റീടൈൽ ഔട്ട്‌ലെറ്റുകൾ, എന്നിങ്ങനെ 150 കേന്ദ്രങ്ങൾ വഴിയും കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിച്ച് പ്രാദേശിക മാർക്കറ്റിനേക്കാൾ വിലകുറച്ച് വിൽപന നടത്തുകയും ചെയ്യും.

date