Skip to main content

നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ  ഉദ്യോഗസ്ഥതല യോഗം 

ജില്ലയിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ  എംഎൽഎമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു.
കലക്ടറുടെ ചേംബറിൽ എംഎൽഎമാരായ എ സി മൊയ്തീൻ, മുരളി പെരുനെല്ലി എന്നിവർ പങ്കെടുത്ത യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ അധ്യക്ഷയായി. നിർമാണവുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികളും കരാറുകാരും യോഗത്തിൽ പങ്കെടുത്തു. കിഫ്ബി പദ്ധതിക്ക് കീഴിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ തൽസ്ഥിതി യോഗത്തിൽ വിലയിരുത്തി.

കേച്ചേരി ജംങ്ഷന്റെ വികസനത്തിന് സംയുക്ത പരിശോധന നടത്താനും റോഡ് വികസനത്തിന്‌ മഴുവഞ്ചേരി വരെയുള്ള സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച കണക്കെടുപ്പ് നടത്താനും യോഗത്തിൽ തീരുമാനമായി. കുന്നംകുളത്തെ പുതിയ താലൂക്ക് ഓഫീസ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കോമ്പൗണ്ടിന്റെ ചുറ്റുമതിൽ നിർമാണം ഉൾപ്പടെയുള്ള ജോലികൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനിച്ചു. കെ എസ് ടി പിയുടെ റീബിൽഡ് കേരള പദ്ധതി പ്രകാരം നടക്കുന്ന കാന നിർമാണം ശാസ്ത്രീയമാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നൽകി. നിർമാണം ശാസ്ത്രീയമാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തി റോഡ് നിർമാണം പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി.നാച്ചുറൽ ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് രൂപമാറ്റം വരുത്തിയ റോഡുകളെല്ലാം പൂർവസ്ഥിതിയിൽ ആക്കിയതിന് ശേഷം മാത്രം പുതിയ ജോലികൾക്ക് അനുമതി നൽകിയാൽ മതിയെന്ന് യോഗത്തിൽ തീരുമാനമായി.

രണ്ടു ഘട്ടങ്ങളായി സംഘടിപ്പിച്ച യോഗത്തിൽ കുന്നംകുളം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, ഡെപ്യൂട്ടി കലക്ടർ (എൽ.എ) യമുന ദേവി,  ഡെപ്യൂട്ടി കലക്ടർ(എൽ ആർ) ഉഷ ബിന്ദു മോൾ എന്നിവർക്കൊപ്പം വിവിധ സർക്കാർ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.

date