Skip to main content

ക്രിസ്തുമസ്-പുതുവത്സരം:  എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

 

ജില്ലയില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടേയും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉല്‍പ്പാദനവും വിപണനവും ഉപയോഗവും തടയുന്നതിനായി എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു. എക്‌സൈസ് ഡിവിഷന്‍ ഓഫീസിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നത്. ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കുറ്റങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന്  മലപ്പുറം റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം.സി. റെജിലിന്റെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗം കലക്‌റേറ്റില്‍ ചേര്‍ന്നു. യോഗത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വനം മേഖലകളിലും, മദ്യശാലകളിലും, പൊതുസ്ഥലങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലും, പാസഞ്ചര്‍ ട്രെയിനുകളിലും പരിശോധനയും പട്രോളിങും ശക്തമാക്കുന്നതിന് തീരുമാനിച്ചു.  വിമുക്തിമിഷന്‍ മാനേജര്‍  വേലായുധന്‍ കുന്നത്ത് സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ്. ഉണ്ണികൃഷ്ണന്‍ നായര്‍, റവന്യൂ, എക്‌സൈസ്, പാലീസ്, ഫോറസ്റ്റ് വകുപ്പുകളിലെ ഉദേ്യാഗസ്ഥരും രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. വ്യാജമദ്യം മയക്കുമരുന്ന് എന്നിവയുടെ ഉല്‍പാദനം, വിതരണം, ഉപയോഗം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പറായ 1800 425 4886 ല്‍ വിളിച്ച് അറിയിക്കാം.

date