Skip to main content

കുടിവെള്ള ക്ഷാമം:  ടാങ്കറുകളില്‍ വെള്ളമെത്തിക്കാന്‍  കളക്ടറുടെ നിര്‍ദ്ദേശം

   

 

കുടിവെള്ള ക്ഷാമം രൂക്ഷമായ വാര്‍ഡുകളില്‍ ടാങ്കര്‍ ലോറികളില്‍ ശുദ്ധജല വിതരണം നടത്താന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തില്‍ പറയുന്ന പ്രദേശങ്ങളിലായിരിക്കണം ടാങ്കറുകളില്‍ ജലവിതരണം നടത്തേണ്ടത്. വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ മുഖേനയോ മറ്റേതെങ്കിലും പദ്ധതികള്‍ പ്രകാരമോ കുടിവെളളം വിതരണം ഇല്ലാത്ത പ്രദേശങ്ങളിലായിരിക്കണം വെള്ളമെത്തിക്കേണ്ടത്.

 

    കുടിവെളള വിതരണം നടത്തുന്നതിനു ടാങ്കറുകളില്‍ ജി.പി.എസ് സംവിധാനം വേണം. കൂടാതെ ടാങ്കറുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനില്‍ നിന്നും മാത്രം വിതരണത്തിനായി കുടിവെളളം ശേഖരിക്കേണ്ടതും പഞ്ചായത്തില്‍ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകളുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റിക്കു നല്‍കുകയും വേണം. 

 

    കുടിവെള്ളം വിതരണം നടത്തുന്ന പ്രദേശങ്ങളില്‍ ഓരോ ദിവസവും എത്ര ടാങ്കറില്‍ കുടിവെളളം വിതരണം നടത്തി എന്നതു സംബന്ധിച്ചു വാഹന നമ്പര്‍, ഡ്രൈവറുടെ പേര്, വിതരണം ചെയ്ത വെള്ളത്തിന്റെ അളവ്, സമയം എന്നിവ പഞ്ചായത്തില്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. ടാങ്കര്‍ ലോറികളുടെ വാടകയും, ഡ്രൈവര്‍ക്കുള്ള വേതനം, മറ്റു ചെലവുകള്‍ എന്നിവ പഞ്ചായത്തിലെ തനത് ഫണ്ടില്‍ നിന്നും വഹിക്കണം. ജി.പി.എസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും പരിശോധിച്ചു സുതാര്യത ഉറപ്പുവരുത്തിയശേഷം സെക്രട്ടറിമാര്‍ ചെലവ് തുക വിനിയോഗിക്കണം.  

    ദുരന്ത നിവാരണ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ചതും പഞ്ചായത്തിനു കൈമാറിയതുമായ വാട്ടര്‍ കിയോസ്‌ക്കുകള്‍ ഉള്ള പക്ഷം കിയോസ്‌കുകള്‍ മുഖേന കുടിവെളളം വിതരണം നടത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

date