കൂടുതല്‍ പേര്‍ക്ക് 100 തൊഴില്‍ ദിനം; പോത്തന്‍കോടിന് പുരസ്‌കാരത്തിളക്കം
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കിയ ബ്ലോക്ക് പഞ്ചായത്തിനുള്ള സംസ്ഥാന അവാര്‍ഡ് പോത്തന്‍കോട് കരസ്ഥമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1065 പേര്‍ക്കാണ് 100 ദിവസം വീതം തൊഴില്‍ നല്‍കിയത്. കുറച്ചു തൊഴിലാളികള്‍ക്ക് 150 തൊഴില്‍ ദിനങ്ങള്‍ നല്‍കാനും സാധിച്ചു.
ഇതു കൂടാതെ ഏറ്റവും കൂടുതല്‍ ശരാശരി തൊഴില്‍ ദിനങ്ങള്‍ നല്‍കിയ പഞ്ചായത്തിനുള്ള പുരസ്‌കാരവും പോത്തന്‍കോടിനു തന്നെ. 91.88 % തൊഴില്‍ ദിനങ്ങളാണ് പഞ്ചായത്ത് നല്‍കിയത്. 2,850 പേര്‍ക്കായി ആകെ 2,20,331 തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്.
50 ഏക്കറില്‍ കരനെല്ല് കൃഷി, അഞ്ചേക്കറില്‍ പൂ കൃഷി എന്നിവ പൂര്‍ത്തികരിച്ചൂ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 1,14,000 വൃക്ഷതൈകള്‍ തൊഴിലുറപ്പിന്റെ സഹായത്തോടെ ഉല്‍പാദിപ്പിച്ചു. തൊഴിലുറപ്പു പദ്ധതിയിലൂടെ 428 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ശരാശരി ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയ പഞ്ചായത്തിനുള്ള അവാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റിയുടെ സംസ്ഥാനത്തെ ആദ്യ സോഷ്യല്‍ ഓഡിറ്റ് പോത്തന്‍കോട് നടന്നു.
പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ദിനം നല്‍കിയ തച്ചപ്പള്ളി വാര്‍ഡില്‍ എത്തിയ ഓഡിറ്റ് അംഗങ്ങള്‍ തൊഴിലാളികളുമായി സംസാരിക്കുകയും തൊഴില്‍ ചെയ്ത സ്ഥലങ്ങളും രേഖകളും പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്തു. തുടര്‍ന്ന് ജനങ്ങളെയും തൊഴിലാളികളെയും ഒന്നിച്ച് ചേര്‍ത്ത് സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭ വിളിച്ചു കൂട്ടി.
(പി.ആര്‍.പി 1766/2018)
- Log in to post comments