Skip to main content
ഡിടിപിസിയുടെ തിരുവല്ലയിലെ സത്രത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന്റെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കുന്നു.

ഡിടിപിസി സത്രം സൗന്ദര്യവല്‍ക്കരണത്തിന് തുടക്കമായി ജില്ലയില്‍ ടൂറിസം രംഗത്ത് അനന്തസാധ്യത: മന്ത്രി മാത്യു ടി തോമസ് 

 

ടൂറിസം രംഗത്ത് അനന്ത സാധ്യതയുള്ള ജില്ലയാണ് പത്തനംതിട്ടയെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ഡിടിപിസിയുടെ തിരുവല്ലയിലെ സത്രത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ ടൂറിസം സാധ്യതയെ സ്പിരിച്വല്‍ എന്നു മാത്രം കണ്ടാല്‍ മതിയാകില്ല. തീര്‍ഥാടന ടൂറിസത്തിനപ്പുറം പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങളും ചരിത്രവും ജില്ലയിലുണ്ട്. ഇത് ലോകത്തിനു മുന്‍പാകെ എത്തിക്കാന്‍ നമുക്ക് കഴിയണം. 

സത്രം സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചുറ്റുമതില്‍ ബലപ്പെടുത്തുകയും രുഗ്മിണി സ്വയംവരം കഥകളി രൂപങ്ങള്‍ നിര്‍മിച്ച് മനോഹരമാക്കുകയും ചെയ്യും. സത്രത്തിന്റെ അങ്കണം പൂട്ടുകട്ടകള്‍ പാകുകയും മരങ്ങള്‍ക്കു ചുറ്റം പുല്ലു വച്ചു പിടിപ്പിച്ച് ഗാര്‍ഡനിംഗ് നടത്തുകയും ചെയ്യും. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് മുന്‍ഭാഗത്തായതിനാല്‍ സത്രത്തിന്റെ മതിലില്‍ കഥകളി രൂപങ്ങള്‍ നിര്‍മിക്കുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്. കഥകളിയുടെ ഈറ്റില്ലമാണ് തിരുവല്ല മതില്‍ഭാഗമെന്നതാണ് കാരണം. സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന സൗന്ദര്യവത്കരണമാണ് സത്രത്തില്‍ നടത്തുക. 

പാഴായി കിടന്ന് ദുര്‍ഗന്ധം വമിച്ചിരുന്ന പ്രദേശം വികസിപ്പിച്ചാണ് ഡിടിപിസി സത്രം നിര്‍മിച്ചത്. ഇന്ന് ശബരിമല തീര്‍ഥാടകര്‍ക്കും, ശ്രീവല്ലഭ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്കും സഹായകമാണ് ഡിടിപിസി സത്രം. ചെലവു കുറഞ്ഞ കെട്ടിട നിര്‍മാണ പരിശീലനം പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കിയതിലൂടെയാണ് ഡിടിപിസി സത്രത്തിന്റെ കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്നും മന്ത്രി പറഞ്ഞു. 

അടുത്തഘട്ടമായി കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ ഡിടിപിസി സത്രത്തില്‍ കൊണ്ടുവരുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. തിരുവല്ല നഗരസഭ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ്, നഗരസഭ കൗണ്‍സിലര്‍മാരായ എം.പി. ഗോപാലകൃഷ്ണന്‍, വി.ജിജീഷ് കുമാര്‍, ഡിടിപിസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ. മനോജ് ചരളേല്‍, ഗവേണിംഗ് ബോഡി അംഗം അഡ്വ. ജെനു മാത്യു, ഡിടിപിസി സെക്രട്ടറി എ. ഷംസുദീന്‍, സത്രം കെയര്‍ടേക്കര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

        (പിഎന്‍പി 1724/18)

date