കോട്പ കേസില്‍ 2.29 ലക്ഷം രൂപ പിഴയീടാക്കി
എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ ജില്ലയില്‍ 1182 കോട്പ കേസുകളിലായി 2.29 ലക്ഷം രൂപ പിഴയീടാക്കിയതായി അസി.എക്‌സൈസ് കമ്മീഷ്ണര്‍ ജി ചന്ദു വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തില്‍ അറിയിച്ചു. മെയ് അഞ്ച് മുതല്‍ ജൂണ്‍ 24 വരെ നടത്തിയ എന്‍ഫോഫ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു നടപടി. പത്തനംതിട്ട ഠൗണിലെ ഏഴ് പാന്‍മസാല ഷോപ്പുകള്‍ അടപ്പിച്ചു. 370.89 ലിറ്റര്‍ അരിഷ്ടാസവങ്ങള്‍ പിടിച്ചെടുത്തു. 42.6 ലീറ്റര്‍ ചാരായവും 2747 ലിറ്റര്‍ കോടയും കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. 4361 വാഹനങ്ങള്‍ പരിശോധിച്ചതില്‍ ആറ് വാഹനങ്ങള്‍ പിടിച്ചെടുത്തു. ജില്ലയിലെത്തുന്ന സംസ്ഥാനാന്തര ചരക്ക് ലോറികള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവയും വിശദമായ പരിശോധനക്ക് വിധേയമാക്കി.
ഈ കാലയളിവില്‍ 979 കള്ളുഷാപ്പുകളില്‍ പരിശോധന നടത്തി. 120 ലിറ്റര്‍ കള്ളും പിടിച്ചെടുത്തു. സമയക്ലിപ്തത പാലിക്കാത്ത ഷാപ്പ് ലൈസന്‍സിക്കെതിരെ കേസ് എടുത്തു. ബാറുകളില്‍ 61 പരിശോധനകള്‍ നടത്തി. ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളില്‍ 19 പരിശോധനകളും ബിവറേജസ് ഔട്ട് ലറ്റുകളില്‍ 29 പരിശോധനകളും നടത്തി. 14 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു.
വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചുള്ള മയക്കു മരുന്ന് വില്പ്പന വ്യാപകമായതിനാല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കണമെന്ന് സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. സ്‌കൂളുകളിലെ വിമുക്തി ക്ലബ്ബുകള്‍ കൂടുതല്‍ സജീവമാക്കണം. വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആവശ്യമായ ബോധവത്കരണ ക്ലാസുകള്‍ നല്‍കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി സത്യന്‍, കോടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമകുഞ്ഞ്, കെ എസ് സുരേഷ് കുമാര്‍, ഡി ഡി ഇ എം കെ ഗോപി, സോമന്‍ പാമ്പായിക്കോട്, എം മുഹമ്മദ് സാലി, പി കെ ഗോപി, ജോര്‍ജ് യോഹന്നാന്‍, ഫാ.ഗീവര്‍ഗീസ് ബ്ലാഹേത്, രാജമ്മസദാനന്ദന്‍, ഡെപ്യൂ. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കെ വി തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 1730/18)
- Log in to post comments