Skip to main content

ജില്ലയിൽ ഏഴ് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്‌ഘാടനം ഇന്ന് (ഫെബ്രുവരി 10)

ജില്ലയിൽ ഏഴ് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രു.10) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി  നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ചതാണ് ഈ സ്കൂള്‍ കെട്ടിടങ്ങള്‍. കേരള സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ജില്ലയിലേതടക്കം, സംസ്ഥാനത്ത് 53 സ്‌കൂള്‍ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. കിഫ് ബി, വാപ്പ് കോസ്, കില, പ്ലാന്‍ ഫണ്ട്, എംഎല്‍എ ഫണ്ട് എന്നീ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വിദ്യാലങ്ങളാണിവ. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനകാര്യമന്ത്രി കെ എം ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.  ജില്ലയിൽ ദേശമംഗലം ഗവ. വി എച്ച് എസ് എസിൽ നടക്കുന്ന  പരിപാടി സംസ്ഥാന പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പങ്കെടുക്കും. രമ്യദാസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, മുൻ എംഎൽഎ യു ആർ പ്രദീപ് എന്നിവർ പങ്കെടുക്കും. 

മൂന്ന് കോടി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട ദേശമംഗലം ജി വി എച്ച് എസ് എസ് , പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെട്ട അരണാട്ടുകര ജിയുപിഎസ്, വടക്കാഞ്ചേരി ഓട്ടുപാറ ജിഎൽപിഎസ്, വെറ്റിലപ്പാറ ജിഎച്ച്എസ്എസ്, കുന്നംകുളം തയ്യൂര്‍ ജിഎച്ച്എസ്എസ്, പുതുക്കാട് ലൂര്‍ദ്ദ്പുരം ജിഎല്‍പിഎസ്, എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെട്ട ഗുരുവായൂര്‍ കടപ്പുറം ജിഎഫ് യുപിഎസ് എന്നീ സ്‌കൂളുകളാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും സംഘാടക സമിതികള്‍ രൂപീകരിച്ചു കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുക.

date