പട്ടികജാതി കമ്മീഷന്‍ അദാലത്ത്: 73 കേസുകള്‍ പരിഗണിച്ചു
കൊച്ചി: കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്തില്‍ ജില്ലയില്‍ 73 കേസുകള്‍ പരിഗണിച്ചു. പോലീസിനെതിരെയും വസ്തു കൈയേറ്റ കേസുകളും ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച കേസുകളുമാണ് കൂടുതലായും പരിഗണനയില്‍ വന്നത്. വഴി തര്‍ക്ക കേസുകളും കമ്മീഷന്റെ മുമ്പിലെത്തി.
സര്‍ക്കാരില്‍ നിന്നു സൗജന്യമായി ലഭിച്ച സ്ഥലത്ത് വീട് വയ്ക്കാന്‍ അയല്‍വാസികള്‍ പട്ടികജാതിക്കാരെ അനുവദിക്കുന്നില്ലെന്ന പരാതികളും കമ്മീഷന്‍ പരിഗണിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ വീട്ടിലേക്കുള്ള നടപ്പാത തടസപ്പെടുത്തിയെന്നു കാണിച്ച് അയല്‍വാസി നല്‍കിയ പരാതിയില്‍ റവന്യൂ അധികൃതരോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കുറുമശ്ശേരി സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി.
ആലുവ പോലീസ് മര്‍ദിച്ചുവെന്ന പരാതിയുമായി നെടുമ്പാശ്ശേരി സ്വദേശിയായ അമ്മയും മകളും കമ്മീഷനെ സമീപിച്ചു. ഒറ്റപ്പെട്ട പ്രദേശത്തു താമസിക്കുന്ന ഇവരുടെ വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തി അയല്‍വാസി കമ്പിവേലി കെട്ടിയെന്ന പരാതിയുമുണ്ട്. പരാതി സ്വീകരിച്ച കമ്മീഷന്‍ ഇവരുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചു. പരാതി തുടര്‍ അന്വേഷണങ്ങള്‍ക്കായി മാറ്റിവച്ചു.
ആര്‍.എല്‍.വി സംഗീത കോളജിലെ താല്‍കാലിക ജീവനക്കാരിയെ പ്രിന്‍സിപ്പല്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്ന പരാതിയില്‍ കമ്മീഷന്‍ കോളജ് പ്രിന്‍സിപ്പലിനെ നേരിട്ടു വിളിപ്പിച്ചു. എന്നാല്‍ പരാതി നേരിടുന്ന പ്രിന്‍സിപ്പല്‍ അല്ല ഇപ്പോള്‍ തുടരുന്നത്. നിലവിലെ പ്രിന്‍സിപ്പല്‍ ഹാജരായെങ്കിലും കമ്മീഷന്‍ പരാതി മറ്റ് അന്വേഷണങ്ങള്‍ക്കായി സമര്‍പ്പിച്ചു.
മുഴ മാറ്റുന്നതിതായി ചെയ്ത ശസ്ത്രത്രക്രിയയില്‍ മധ്യവയസ്‌കന്റെ വൃഷണം മുറിച്ചു മാറ്റിയെന്ന കേസില്‍ ആശുപത്രിക്കെതിരെ വന്ന പരാതിയില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. കളക്‌ട്രേറ്റ് പ്ലാനിംഗ് ഹാളില്‍ നടന്ന അദാലത്തില്‍ 33 കേസുകള്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തു. 50 കേസുകള്‍ തീര്‍പ്പു കല്‍പ്പിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി , അംഗം അഡ്വ.സിജ പി ജെ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments