ജില്ലയിലെ ജലാശയങ്ങളില്‍ മത്സ്യകൃഷി ഊര്‍ജിതമാക്കും: മന്ത്രി ജെ .മേഴ്സിക്കുട്ടിയമ്മ
കൊച്ചി: എറണാകുളം ജില്ലയിലെ എല്ലാ ജലാശയങ്ങളും കണ്ടെത്തി മത്സ്യകൃഷിയിലേക്ക് കൊണ്ടുവരുമന്നും ഇതിന്റെ ആദ്യത്തെ പ്രവര്‍ത്തനം കളമശ്ശേരിയില്‍ നിന്നാരംഭിക്കണമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ സംസ്ഥാനതല പരിശീലനകേന്ദ്രമായ നിഫാമിലെ ഗസ്റ്റ് ഹൗസ് ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അന്‍പത് ലക്ഷം അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തിലും തദ്ദേശീയമായ രീതിയില്‍ ഗപ്പിയടക്കം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന വിധത്തിലും കാവില്‍ പ്രവര്‍ത്തനങ്ങള്‍ പുനക്രമീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
തകര്‍ച്ചയിലായ കാവിലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കും. രണ്ടുകോടി രൂപയാണ് 2017-18 ബജറ്റില്‍ ഇതിനായി അനുവദിച്ചിരിക്കുന്നത്. 70,000 കോടിയുടെ ബിസിനസ് ലോകത്ത് നടക്കുന്ന ഫിഷറീസ് മേഖലയില്‍ ഒരു ചെറിയ ഭാഗം മാത്രമാണ് ഇന്ത്യ വഹിക്കുന്നത് എന്ന പ്രത്യേകതയാണ് പലരെയും ഈ രംഗത്തേക്ക് ആകര്‍ഷിച്ചത്. കാവില്‍ പ്രവര്‍ത്തനങ്ങള്‍ തകര്‍ച്ചയില്‍ നിന്ന് ഫിനീക്സ് പക്ഷിയെപ്പോലെ ഉയര്‍ച്ചയിലേക്ക് എത്തണം. കാടുകയറി കിടന്നിരുന്ന ഹബ്ബുകള്‍ നന്നാക്കി. ഇതേഅവസ്ഥ തുടര്‍ന്നിരുന്ന നെയ്യാറില്‍ 1050 ടാങ്കുകള്‍ ഇത്തരത്തില്‍ കെട്ടിക്കിടന്നു നശിക്കുകയാണ്. എന്നാല്‍ 650 ടാങ്കുകളില്‍ ഇപ്പോള്‍ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തിനുശേഷം കാവില്‍ ഹബ്ബ് മന്ത്രി സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഫിഷറീസ് വകുപ്പിന്റെ സംസ്ഥാനതല പരിശീലനകേന്ദ്രമായ നിഫാം മത്സ്യത്തൊഴിലാളികള്‍, മത്സ്യകര്‍ഷകര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്കി വരുന്ന സ്ഥാപനമാണ്. ഇവിടെ പരിശീലനത്തിനെത്തുന്ന മികച്ച പരിശീലകര്‍ക്ക് താമസ സൗകര്യം ഇല്ല എന്ന പോരായ്മ പരിഹരിക്കുക എന്നതാണ് ഗസ്റ്റ്ഹൗസിന്റെ നിര്‍മ്മാണം ലക്ഷ്യമിടുന്നത്. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല.
നബാര്‍ഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രകാരം നിഫാം ഇന്ത്യക്ക് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി 307 ലക്ഷം രൂപയുടെ അംഗീകാരം ലഭിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ഒരു ഗസ്റ്റ് ഹൗസ്, വാച്ച്മാന് ഷെഡ് എന്നിവ നിര്‍മ്മിക്കുന്നു. നാലു നിലകളുള്ള കെട്ടിടം ആണ് ഗസ്റ്റ്ഹൗസിനായി ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ രണ്ടു നിലകളുടെ നിര്‍മാണത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
ആലുവ കിഴക്കേ കൊടുങ്ങല്ലൂരിലുള്ള നിഫാം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വി. കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ കെ.വി.തോമസ് എം.പി. മുഖ്യാതിഥിയായിരുന്നു. തീരദേശ വികസന കോര്പ്പറേഷന് ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ്, വൈസ് പ്രസിഡന്റ് സി.ജി. വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീബ ജോസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഭദ്രാദേവി, നാലാം വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ എം, അഞ്ചാം വാര്‍ഡ് മെമ്പര്‍ കെ. ഹരിദാസ്, പതിനൊന്നാം വാര്‍ഡ് മെമ്പര്‍ വി.കെ. ഷാനവാസ്, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ആന്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.എസ്. ശ്രീലു, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ രമാദേവി എ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മഹേഷ് എസ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments