Skip to main content

കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ജില്ലാതല ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു

കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകളുടെ ജില്ലാതല വിതരണം കളക്ടര്‍ ഡോ. നവ്ജോത് ഖോസ നിര്‍വഹിച്ചു. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ കുട്ടികളും അവരുടെ ഇപ്പോഴത്തെ സംരക്ഷണ ചുമതലയുള്ള രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികളുമായി കുശലാന്വേഷണം നടത്തിയ കളക്ടര്‍, പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും മികച്ച വിദ്യാഭ്യാസം നേടാന്‍ മടി കാണിക്കരുതെന്ന് പറഞ്ഞു. കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്നും എല്ലാ വിധ പിന്തുണയുണ്ടാകുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി. ചടങ്ങില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ചിത്രലേഖയും പങ്കെടുത്തു.

കുട്ടിയുടെയും ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെയും പേരില്‍ തുടങ്ങിയ പൊതുഅക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിന്റെ രേഖയാണ് വിതരണം ചെയ്തത്. ഇത് ആവശ്യമെങ്കില്‍ 18 വയസിന് ശേഷം കുട്ടിയുടെ സ്വന്തം പേരിലേക്ക് മാറ്റാവുന്നതാണ്. ഇതിന് പുറമെ ബിരുദ പഠനം വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസ ചെലവുകള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായവും ലഭിക്കും. കോവിഡ് മൂലം മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികളില്‍ 10 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഒറ്റത്തവണ സഹായം നല്‍കിയത്. പിതാവോ മാതാവോ മുന്‍പ് മരണപ്പെടുകയും ശേഷിച്ച രക്ഷകര്‍ത്താവ് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തത് മൂലം അനാഥരായ ഏഴ് കുട്ടികളെ കൂടി ഉടന്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

date