Skip to main content

എരഞ്ഞോളിയിലെ തെയ്യക്കാവുകളും ഇനി പ്ലാസ്റ്റിക് മുക്തം

 

 

മതമൈത്രിയുടെയും അനുഷ്ഠാന കലകളുടെയും സംഗമഭൂമിയായ തെയ്യക്കാവുകളും ഇനി ഹരിത പെരുമാറ്റ ചട്ടത്തിന്റെ വിശുദ്ധിയിൽ. കണ്ണൂരിനെ സമ്പൂർണ്ണ പ്ലാസ്റ്റിക് രഹിത ജില്ലയാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ മുഴുവൻ തിറകളും ഹരിത പെരുമാറ്റചട്ടം പാലിച്ച് നടത്താൻ തീരുമാനിച്ചു. ഇതിനായി ക്ഷേത്ര ഭാരവാഹികൾ പഞ്ചായത്തിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങണം. പെരുമാറ്റചട്ടം പാലിക്കുന്നുണ്ടോയെന്ന്്് പഞ്ചായത്ത് അധികൃതർ പരിശോധിക്കും. ക്ഷേത്ര സംരക്ഷണ സമിതിയും ഇതിന് പിന്തുണ നൽകി.

എരഞ്ഞോളി മലാൽ മുത്തപ്പൻ മഠപ്പുര ഉത്സവം ഹരിത ചട്ടം പാലിച്ചാണ് ഇത്തവണ നടത്തിയത്. പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാഗങ്ങളും സേവനമനസ്‌കരായി അണിനിരന്നപ്പോൾ ക്ഷേത്രാങ്കണം പ്ലാസ്റ്റിക് മുക്തമായി. ക്ഷേത്ര മുറ്റത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോഴ ആർ എൽ സംഗീത, ഹരിത കേരള മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ ബാലൻ വയലേരി, ഹരിത കർമ്മസേന സെക്രട്ടറി കെ ഷീബ, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എം കെ പ്രഭാകരൻ, സെക്രട്ടറി സി രാജീവൻ തുടങ്ങിയവർ സംബന്ധിച്ചു. ഇനി മുതൽ പഞ്ചായത്തിലെ മുഴുവൻ പൊതു ചടങ്ങുകളും ഹരിത പെരുമാറ്റചട്ടം പാലിച്ചാണ് നടത്തുകയെന്ന്്് പ്രസിഡണ്ട് എം പി ശ്രീഷ അറിയിച്ചു

date