Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 11-02-2022

ലെവൽക്രോസ് അടച്ചിടും

 

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്-ദേശീയപാതയിൽ തലശ്ശേരി എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള 231ാം നമ്പർ റെയിൽവേ ലെവൽക്രോസ് ഫെബ്രുവരി 13ന് രാവിലെ ഒമ്പത് മുതൽ 17ന് രാത്രി എട്ട് മണി വരെ അഞ്ച് ദിവസം അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

 

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

 

കണ്ണൂർ ഗവ.ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് ട്രേഡിലെ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ/ഡിഗ്രി, ഒന്നോ രണ്ടോ വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദേ്യാഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഫെബ്രുവരി 14ന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0497 2835183. 

 

യുജിസി നെറ്റ് പരിശീലനം

 

വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോമേഴ്‌സ് ഒന്നും രണ്ടും പേപ്പറുകൾക്ക് യുജിസി നെറ്റ് പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ ഫെബ്രുവരി 16ന് മുമ്പ് പ്രവേശനം നേടുക. ക്ലാസ് ഓൺലൈനായിരിക്കും. 

പിജിക്ക് പഠിക്കുന്നവർക്കും പിജി കഴിഞ്ഞവർക്കും യുജിസി നെറ്റ് പരിശീലനവും നൽകുന്നു. ഹ്യുമാനിറ്റീസ് പേപ്പർ ഒന്ന്, കൊമേഴ്‌സ് പേപ്പർ രണ്ട് എന്നിവയുടെ ക്ലാസുകൾ ഫെബ്രുവരി 21 മുതൽ തുടങ്ങും.  ഫോൺ: 9495069307

 

താൽക്കാലിക നിയമനം

 

തൃക്കരിപ്പൂർ ഇകെഎൻഎം ഗവ. പോളിടെക്‌നിക് കോളേജിൽ ഈ അധ്യയനവർഷം ഒഴിവുള്ള കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് വിഭാഗത്തിലെ ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ബിടെക് കമ്പ്യൂട്ടർ സയൻസ്, എംബിഎ/എംബിഎയോടൊപ്പം കമ്പ്യൂട്ടർ  ആപ്ലിക്കേഷൻ ഐച്ഛിക വിഷയമായെടുത്തവർക്ക് അപേക്ഷിക്കാം.  താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 14ന് രാവിലെ 10 മണിക്ക് പോളിടെക്‌നിക്കിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 0467 2211400.

 

വൈദ്യുതി മുടങ്ങും

 

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ മോറക്കുന്ന്, മോറാൽ കാവ്, അയ്യലത്ത് സ്‌കൂൾ, കുഴിപ്പങ്ങാട്, കുഴിപ്പങ്ങാട് കളരി, പുഴക്കര എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 12 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

 

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചാല എച്ച് എസ്, വെള്ളൂരില്ലം, പനോന്നേരി  എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 12 ശനി രാവിലെ 10 മണി മുതൽ ഉച്ചക്ക് 2.30  വരെയും മമ്മാക്കുന്ന് പുഞ്ചിരിമുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 10 മണി വരെയും മുച്ചിലോട്ടുകാവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ മുതൽ 11.30 വരെയും വൈദ്യുതി മുടങ്ങും.

 

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പൊന്നപാറ, കുപ്പോൾ, മാടക്കംപൊയിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 12 ശനി രാവിലെ 8.30  മുതൽ വൈകിട്ട് 5.30 വരെ  വൈദ്യുതി മുടങ്ങും.

 

ഏച്ചൂർ  ഇലക്ട്രിക്കൽ സെക്ഷനിലെ  നമ്പ്യാർ പീടിക ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 12 ശനി രാവിലെ ഏഴ് മുതൽ 10  മണി വരെയും നുച്ചിലോട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയും ഇരുവൻകൈ, അൽ-വഫ, മുണ്ടേരി ചിറ, മുണ്ടേരി മെട്ട, മുണ്ടേരികടവ്, മുണ്ടേരി എക്‌സ്‌ചേഞ്ച് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെയും വൈദ്യുതി മുടങ്ങും.

 

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ധർമപുരി മലബാർ തണൽ അവേര എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 12 ശനി രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെ  വൈദ്യുതി മുടങ്ങും.

 

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  കൃപ, അമ്പാടിമുക്ക്, തളാപ്പ് അമ്പലം, തളാപ്പ് വയൽ, വിസ്പറിങ്ങ് പാം, വീനസ്, യോഗശാല റോഡ്, ഓലേചേരി കാവ്, പോതിയോട്ട് കാവ് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 12 ശനി രാവിലെ 7.30  മുതൽ 2.30 വരെ വൈദ്യുതി മുടങ്ങും.

 

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ബിസ്മില്ല മുതൽ അഴീക്കൽ വരെ ഫെബ്രുവരി 12 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

പത്താംതരം, പ്ലസ്ടു തുല്യതാ രജിസ്‌ട്രേഷൻ തുടങ്ങി

 

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ കേന്ദ്രത്തിൽ 2022-23 വർഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്‌സിന്റെ രജിസ്‌ട്രേഷൻ തുടങ്ങി. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർക്ക് പത്താംതരം തുല്യതാ കോഴ്‌സിനും 22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർക്ക് ഹയർ സെക്കണ്ടറി തുല്യതാ കോഴ്‌സിനും ചേരാം.  ഫെബ്രുവരി 28 വരെ രജിസ്റ്റർ ചെയ്യാം. പത്താംതരം തുല്യതാ കോഴ്‌സിന് 1850 രൂപയും ഹയർ സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്.  എസ് സി/എസ് ടി പഠിതാക്കൾക്കും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഠിതാക്കൾക്കും കോഴ്‌സ് സൗജന്യമായിരിക്കും.  ഫോൺ: 9495365907.

 

സർട്ടിഫിക്കറ്റ് കോഴ്‌സ് രജിസ്‌ട്രേഷൻ ആരംഭിച്ചു

 

സാക്ഷരതാമിഷന്റെ പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചി ഹിന്ദി തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് ഫെബ്രുവരി 28 വരെ രജിസ്റ്റർ ചെയ്യാം. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് പഠനം സൗജന്യമാണ്. താൽപര്യമുള്ളവർ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ ഓഫീസിലോ 9495365907 എന്ന നമ്പറിലോ ബന്ധപ്പെടുക.

 

ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ നിയമനം

 

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജ് മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഫെബ്രുവരി 15 ന് രാവിലെ 10 മണിക്ക് കോളേജിൽ എഴുത്ത് പരീക്ഷയും തുടർന്ന് അഭിമുഖവും നടത്തും. യോഗ്യത: ബിരുദം. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കോളേജിൽ ഹാജരാകണം.

 

 ട്രാൻസ്‌ജെൻഡർ ക്ലബ്ബ് രൂപീകരണം

 

സംസ്ഥാന യുവജനക്ഷേമ ബോർഡ് എല്ലാ ജില്ലകളിലും 'മാരിവില്ല്' എന്ന പേരിൽ ട്രാൻസ്‌ജെൻഡർ ക്ലബ്ബ് രൂപീകരിക്കുന്നു. കണ്ണൂർ ജില്ലയിൽ ക്ലബ്ബിന്റെ രൂപീകരണവും ഉദ്ഘാടനവും ഫെബ്രുവരി 12 ന് രാവിലെ 11 മണിക്ക് ഭാരത് ഹോട്ടലിൽ  യുവജനക്ഷേമ ബോർഡ് അംഗം വി കെ സനോജ് നിർവ്വഹിക്കും.

 

 ഷീ മാൾ നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി

 

കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഷീ മാളിന്റെ നിർമാണ പ്രവൃത്തി മേയർ അഡ്വ. ടി ഒ മോഹനൻ  ഉദ്ഘാടനം ചെയ്തു. 2021-22 വാർഷിക പദ്ധതിയിലെ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. 91,21,000 രൂപ ചെലവിൽ 3634 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ രണ്ട് നിലകളിലാണ് മാൾ നിർമ്മിക്കുക. പ്രവൃത്തി പൂർത്തിയാകുന്നതോടെ സ്ത്രീകളുടെ ജീവിതത്തിനും തൊഴിലിനും അഭിവൃദ്ധി ഉണ്ടാക്കുന്ന തരത്തിലുള്ള സംരംഭങ്ങളും ഉയർന്നുവരും.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ ഷബീന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ പി ഇന്ദിര, പി ഷമീമ, ഷാഹിന മൊയ്തീൻ, സിയാദ് തങ്ങൾ, കൗൺസിലർമാരായ കെ സുരേഷ്, മുസ്ലിഹ് മഠത്തിൽ, സി എം പത്മജ, വികെ ഷൈജു, സൂപ്രണ്ടിങ് എൻജിനീയർ എ ബീന, എക്‌സിക്യൂട്ടീവ് എൻജിനിയർ പി പി വത്സൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ പ്രകാശ് ബാബു എന്നിവർ സംസാരിച്ചു.

 

സ്‌കോളർഷിപ്പ് തീയതി നീട്ടി

 

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കളിൽ ഈ അധ്യയന വർഷം നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 28 വരെ നീട്ടി.  ഫോൺ: 0495 2768094.

 

ഹരിത കർമ സേനാ അംഗങ്ങൾക്ക് അനുഭവക്കുറിപ്പ് രചനാ മത്സരം

 

പ്ലാസ്റ്റിക്ക് മുക്ത കണ്ണൂർ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരളം മിഷൻ ഹരിത കർമ സേനാ അംഗങ്ങൾക്കായി അനുഭവക്കുറിപ്പ് രചനാ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും നൽകും.

അജൈവ മാലിന്യ ശേഖരണം നടത്തുന്ന വേളയിൽ ഉണ്ടായ അനുഭവങ്ങൾ മൂന്ന് പേജിൽ കവിയാതെ എഴുതണം. അനുഭവ കുറിപ്പിനൊപ്പം പഞ്ചായത്ത് പ്രസിഡണ്ടിന്റെ/നഗര സഭാ അധ്യക്ഷന്റെ സാക്ഷ്യപത്രം കൂടി അയക്കണം.  അനുഭവ കുറിപ്പ് ജില്ലാ കോർഡിനേറ്റർ, ഹരിത കേരളം മിഷൻ  ജില്ലാ ഓഫീസ്, ആസൂത്രണ സമിതി കെട്ടിടം, കണ്ണൂർ സിവിൽ സ്റ്റേഷൻ,  670002 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ഫെബ്രുവരി 28 നുള്ളിൽ ലഭ്യമാക്കണം.

 

 എസ് ടി പ്രമോട്ടർ/ഹെൽത്ത് പ്രമോട്ടർ: അപേക്ഷ ക്ഷണിച്ചു

 

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ എസ് ടി പ്രമോട്ടർ/ഹെൽത്ത് പ്രമോട്ടർ നിയമനത്തിന് പത്താം ക്ലാസ് യോഗ്യതയുള്ള പട്ടികവർഗ യുവതീയുവാക്കൾക്ക് ഓൺലൈൻ വഴി www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ മുഖേന അപേക്ഷിക്കാം. പിവിറ്റിജി/ അടിയ/പണിയ/മലപണ്ടാര വിഭാഗക്കാർക്ക് എട്ടാം ക്ലാസ് പാസായാൽ മതി. നഴ്‌സിങ്ങ്, പാരാമെഡിക്കൽ കോഴ്‌സുകൾ പാസായവർക്കും ആയുർവ്വേദ/പാരമ്പരവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും  ഹെൽത്ത് പ്രമോട്ടർ നിയമനത്തിന് മുൻഗണന. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകരുടെ താമസ പരിധിയിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തെരഞ്ഞെടുക്കണം. അതാത് സെറ്റിൽമെന്റിൽ നിന്നുള്ളവർക്ക് നിയമനത്തിൽ മുൻഗണന. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾ ഐ ടി ഡി പി ഓഫീസിലും, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ലഭിക്കും. ഫോൺ: 0497 2700357.

 

വാക്ക് ഇൻ ഇന്റർവ്യൂ

 

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ ആർബിഎസ്‌കെ കോ ഓർഡിനേറ്റർ (യോഗ്യത: എംഎസ്‌സി നഴ്‌സിങ്, ഒരു വർഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടറിലുള്ള അറിവ്), ഓഡിയോമെട്രിക് അസിസ്റ്റന്റ് (ബിഎസ്എൽപി/ ഡിപ്ലോമ ഇൻ ഹിയറിങ് ലാംഗേ്വജ് ആന്റ് സ്പീച്ച് (ആർസിഐ രജിസ്‌ട്രേഷൻ നിർബന്ധം) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യരായ ഉദേ്യാഗാർഥികൾ ഫെബ്രുവരി 18ന് രാവിലെ 10 മണിക്ക് കണ്ണൂർ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും സഹിതം പങ്കെടുക്കണം.  ഫോൺ:  0497 2709920.

 

 തുല്യത ഓഫ്‌ലൈലൻ ക്ലാസുകൾ 12 മുതൽ 

 

സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പത്താംതരം, ഹയർസെക്കണ്ടറി തുല്യത ക്ലാസുകൾ ഓഫ്‌ലൈനായി ജില്ലയിൽ ഫെബ്രുവരി 12ന് തുടങ്ങും. ഹൈസ്‌കൂളുകളിലും ഹയർ സെക്കണ്ടറി സ്‌കൂളുകളിലും ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലുമാണ് ക്ലാസുകൾ. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത പഠിതാക്കൾ സെന്റർ കോ ഓർഡിനേറ്ററുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

 

ലേലം

 

പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം മാടായി അസി.എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലുള്ള വിവിധ റോഡുകളിലുള്ള മരങ്ങളുടെ ലേലം/പുനർലേലം ഫെബ്രുവരി 24ന് രാവിലെ 11 മണിക്ക്  മാടായി അസി.എഞ്ചിനീയറുടെ കാര്യാലയത്തിൽ നടത്തും.  ഫോൺ: 0497 2877799.

 

ചാല ടൗൺ സൗന്ദര്യവത്കരണ പ്രവൃത്തിയുടെ ഭാഗമായി ചാല ടൗൺ മുതൽ ചാല സ്‌കൂൾ ചാല പാലം വരെയുള്ള ഭാഗങ്ങളിലെ വിവിധ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള ലേലം ഫെബ്രുവരി 21ന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം കണ്ണൂർ ഓഫീസിൽ നടത്തും. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 19.  ഫോൺ: 0497 2766160.

date