Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 26-03-2022

അതിഥി തൊഴിലാളികള്‍ക്കുള്ള
ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം 30ന്

ജില്ലയില്‍ താമസിച്ച് വിവിധ ജോലികള്‍ ചെയ്തു വരുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി ജില്ലയില്‍ ആരംഭിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം തൊഴില്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടന പരിപാടി. മാര്‍ച്ച് 30 ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന ഓണ്‍ലൈന്‍ പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

പട്ടയ കേസുകള്‍ മാറ്റി

മാര്‍ച്ച് 29, 30, 31 തീയതികളില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ യഥാക്രമം ഏപ്രില്‍ 21, മെയ് നാല്, അഞ്ച്  തീയ്യതികളില്‍ രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ലെവല്‍ക്രോസ് അടച്ചിടും

കൊവ്വപ്പുറം - കുന്നനങ്ങാട് റോഡില്‍ കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 255-ാം നമ്പര്‍ ലെവല്‍ക്രോസ് മാര്‍ച്ച് 28 തിങ്കള്‍ രാവിലെ എട്ട് മുതല്‍ 30 ന് രാത്രി എട്ട് മണി വരെയും പള്ളിക്കുന്ന് - ചാലാട് റോഡില്‍ കണ്ണൂര്‍ - വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലുള്ള 244-ാം നമ്പര്‍ ലെവല്‍ക്രോസ് മാര്‍ച്ച് 29 ചൊവ്വ രാവിലെ എട്ട് മുതല്‍ ഏപ്രില്‍ നാലിന് രാത്രി എട്ട് മണി വരെയും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

പാനൂര്‍ സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാനൂര്‍ സബ് സ്റ്റേഷന്‍, പുത്തൂര്‍ സബ്‌സ്റ്റേഷന്‍, കോടിയേരി സബ് സ്റ്റേഷന്‍ പരിധികളില്‍ മാര്‍ച്ച് 27 ഞായര്‍ രാവിലെ 8.30 മുതല്‍ 12. 30 വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊരമ്പകല്ല്, നീലിരിങ്ങ, പോത്തകണ്ടം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍മാര്‍ച്ച് 27 ഞായര്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വാഹന ലേലം

കണ്ണൂര്‍ എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി/എന്‍ ഡി പി എസ് കേസിലുള്‍പ്പെട്ട വാഹനങ്ങളുടെ ഓണ്‍ലൈന്‍ ലേലം മാര്‍ച്ച് 29, 30, 31 തീയ്യതികളില്‍ എം എസ് ടി സി യുടെ വെബ്‌സൈറ്റായ www.mstcecommerce.com മുഖേന നടക്കും. ഫോണ്‍: 0497 2706698

date