Skip to main content
'വര്‍ണ്ണ വസന്തം, സ്‌കൂള്‍ ഭിത്തികള്‍ കഥപറയുമ്പോള്‍' എന്ന പദ്ധതിയുടെ ഭാഗമായി കൈതാരം വൊക്കേഷണല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചുമരുകളില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉള്‍പ്പെടെയുള്ളവര്‍ വീക്ഷിക്കുന്നു.

ഇനി സ്‌കൂള്‍ ഭിത്തികള്‍ കഥപറയും;  വര്‍ണ്ണ വസന്തം പദ്ധതി  ജില്ലാതല ഉദ്ഘാടനം നടത്തി

 

    എറണാകുളം ജില്ലാ പഞ്ചായത്ത് ജില്ലയിലെ തെരഞ്ഞെടുത്ത 10 സ്‌കൂളുകളില്‍ നടപ്പാക്കുന്ന 'വര്‍ണ്ണ വസന്തം, സ്‌കൂള്‍ ഭിത്തികള്‍ കഥപറയുമ്പോള്‍' എന്ന പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. കൈതാരം വൊക്കേഷണല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് മുഖ്യാതിഥിയായി. സ്‌കൂള്‍ ചുമരുകളില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചു വിലയിരുത്തി. 

    വിദ്യാര്‍ത്ഥികളിലും സ്‌കൂളിലെത്തുന്ന പൊതുജനങ്ങളിലും കലാ - സാംസ്‌കാരിക - ചരിത്ര സവിശേഷതകളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് വര്‍ണ്ണവസന്തം. കൈതാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചേരാനല്ലൂര്‍ ഗവണ്‍മെന്റ്  ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പഴന്തോട്ടം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, മഞ്ഞപ്ര ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍, പുത്തന്‍തോട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, നേരിയമംഗലം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍,  പൂതൃക്ക ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ചെറുവത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കടവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ആത്താണിക്കല്‍ ഗവണ്‍മെന്റ്  ഹൈസ്‌കൂള്‍ എന്നീ 10 സ്‌കൂളുകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ ചിത്രം വരയ്ക്കാനും നിറം കൊടുക്കാനും താല്പര്യമുള്ളവരെ തെരഞ്ഞെടുത്ത് അവര്‍ക്ക് വിദ്യാലയ ചുമരുകളില്‍ തന്നെ അവസരം നല്‍കുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം.

    ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ. ജോമി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാരോണ്‍ പനക്കല്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍  സി. അശോകന്‍, ഹെഡ്മിസ്ട്രസ് വി.സി. റൂബി, പിടിഎ പ്രസിഡന്റ് കെ.വി. അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എല്‍ എല്‍ എസ്, യു എസ് എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.

date