Skip to main content

സ്വാതന്ത്ര്യ സമരത്തിന് കരുത്തേകിയത് ആയിരങ്ങളുടെ ജീവാര്‍പ്പണം- മന്ത്രി പി. പ്രസാദ് 

 

ആലപ്പുഴ : ആയിരങ്ങളുടെ ജീവാര്‍പ്പണമാണ് രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് കരുത്തായതെന്ന് കൃഷി മന്ത്രി പി. പ്രസാദ്. സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ബീച്ചില്‍ സംഘടിപ്പച്ച  ദേശീയോദ്ഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നിര്‍ണായകമായ പല ചുവടുവയ്പ്പുകള്‍ക്കും സാക്ഷ്യം വഹിച്ച മണ്ണ് എന്ന നിലയില്‍ ആലപ്പുഴയ്ക്ക് സ്വാതന്ത്ര്യ സമരചരിത്രതത്തില്‍ സുപ്രധാന  സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  

സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡിന് അർഹരായ ജോയി സാക്സ്, അലിയാർ എം. മാക്കിയിൽ, ആലപ്പി രമണൻ എന്നിവരെയും അരനൂറ്റാണ്ട് കാലം ആലപ്പുഴയിൽ ബ്ലൂ ഡയമണ്ട് ഓർക്കാസ്ട്രയെ നയിച്ച ബിന്ദൻ ഭീമയെയും മന്ത്രി ചടങ്ങില്‍ ആദരിച്ചു.

പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എച്ച്. സലാം എം.എൽ.എ, മുനിസിപ്പല്‍ ചെയർപേഴ്‌സണ്‍ സൗമ്യ രാജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ റീഗോ രാജു, ജനറൽ കൺവീനർ ഡെന്നി ആന്‍റണി തുടങ്ങിയവര്‍ പങ്കെടുത്തു. 

ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് റാഫേല്‍ ആനാംപറമ്പിലിനൊപ്പം സാന്ത്വൻ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളും ലോകസമാധാനത്തിനായി ശരറാന്തല്‍ തെളിച്ചു.

ബ്ലൂ ഡയമണ്ട് ഓര്‍ക്കസ്ട്രയും ആലപ്പുഴ സെന്‍ട്രല്‍ ക്വയറും ചേർന്ന് ബ്യൂഗിള്‍ ഓഫ് പീസ് എന്ന സംഗീത പരിപാടിയും ഗാനമേളയും നടത്തി.

date