Skip to main content

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ്:  കേന്ദ്രസര്‍ക്കാറിന് വീണ്ടും കത്ത് അയച്ചതായി മന്ത്രി വി.അബ്ദുറഹിമാന്‍ ഹജ്ജ് തീര്‍ത്ഥാടന ഒരുക്കങ്ങള്‍ കാര്യക്ഷമമെന്നും മന്ത്രി

സംസ്ഥാന ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോട് വിമാനത്താവളത്തില്‍ നിലനിര്‍ത്തുന്നതിനായി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രിക്ക് വീണ്ടും കത്തയച്ചതായി കായിക-വഖഫ് -ഹജ്ജ് തീര്‍ത്ഥാടന വകുപ്പ്  മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. ടി.വി ഇബ്രാഹിം എം.എല്‍.എയുടെ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്തുന്നതിനായി കാര്യക്ഷമമായി ഇടപെടുമെന്നും അതിന്റെ ഭാഗമായാണ് വീണ്ടും കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി,  വ്യോമയാന മന്ത്രി എന്നിവരുമായി 2021 നവംബറില്‍ നേരില്‍ കണ്ട്  ചര്‍ച്ച നടത്തുകയും അനുകൂല നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.  ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോട് നിലനിര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ച്  കത്തും നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍  ഇതുവരെ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഇടപെടുകയായിരുന്നുവെന്ന് മന്ത്രി       വി.അബ്ദുറഹിമാന്‍ വ്യക്തമാക്കി.

തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിലവിലുള്ള ഹജ്ജ് ഹൗസിനോട് ചേര്‍ന്ന് സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ 31093.97 സ്‌ക്വയര്‍ ഫീറ്റോടു കൂടിയ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയതായും ഹജ്ജ് ക്യാമ്പ് സമയത്തുണ്ടാകുന്ന  മാലിന്യ സംസ്‌കരണത്തിനായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന്  നടപടികള്‍ സ്വീകരിച്ചതായും മന്ത്രി എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി നല്‍കി.  ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസില്‍  ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടന്നു വരുന്നതായും മന്ത്രി അറിയിച്ചു.  ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിനായി ആകെ 12810 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.  തിരുവനന്തപുരം - 387, കൊല്ലം -381, പത്തനംതിട്ട- 54, ആലപ്പുഴ - 210, കോട്ടയം -137, ഇടുക്കി - 98, എറണാകുളം - 12 14 തൃശ്ശൂര്‍ - 541, പാലക്കാട് -659, മലപ്പുറം - 4036, കോഴിക്കോട് -2740, വയനാട് -260, കണ്ണൂര്‍ - 1437, കാസര്‍ഗോഡ് - 656 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള അപേക്ഷകരുടെ എണ്ണമെന്നും മന്ത്രി അറിയിച്ചു.

date