Skip to main content

വായനയിലൂടെ അക്ഷരലോകത്തെ അധിപരാകണം - മന്ത്രി വി. അബ്ദുറഹിമാന്‍

 

 

മികവുത്സവം സാക്ഷരതാ പരീക്ഷ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

 

വായനാശീലത്തിലൂടെയും , തുടർ പഠനത്തിലൂടെയും അക്ഷരലോകത്തെ അധിപരാകണമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ 'പഠന ലിഖ്‌ന അഭിയാന്‍' സാക്ഷരതാ പരീക്ഷ, മികവുത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം വെട്ടം പരിയാപുരം എ.എല്‍.പി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുയായിരുന്നു മന്ത്രി. വിവിധ കാരണങ്ങളാല്‍ വിദ്യാലയങ്ങളില്‍ പോകാന്‍ സാധിക്കാത്തവരെയും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവരെയും അക്ഷരങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവരുന്ന പദ്ധതിയിലൂടെ കേരളം സാമൂഹ്യ മുന്നേറ്റത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയിലൂടെ അക്ഷര ലോകത്തേക്ക് വന്നവർ തുടർ പഠനനത്തിനുള്ള അവസരം തുല്യതാ കോഴ്സിലൂടെപ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

കേരളത്തില്‍ മലപ്പുറം, വയനാട്, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ മാത്രം 2078 പരീക്ഷാ കേന്ദ്രങ്ങളിലായി 43162 പേരാണ് നാലാം ക്ലാസ് തുല്യത പരീക്ഷ എഴുതിയത്. ഇതില്‍ ഏറിയ പങ്കും വനിതകളാണ്. 36017 വനിതകളും 7144 പുരുഷന്മാരും ഇതര വിഭാഗത്തില്‍ നിന്ന് ഒരാളുമാണ് പരീക്ഷ എഴുതിയത്. 3509 കേന്ദ്രങ്ങളിലായാണ് സാക്ഷരതാ ക്ലാസുകള്‍ നടന്നത്. ജില്ലയില്‍ 1140 പേര്‍ പരീക്ഷ എഴുതുന്ന പൊന്നാനി നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പരീക്ഷാര്‍ത്ഥികളുള്ളത്.

പോരൂര്‍ പഞ്ചായത്തിലെ 105 വയസുകാരനായ രേവിയാണ് പരീക്ഷ എഴുതുന്നവരില്‍ ഏറ്റവും പ്രായം കൂടിയ ആള്‍. 15 വയസുകാരായ ചുങ്കത്തറയിലെ സോഫിയാന്‍ പാഷ, തെന്നലയിലെ മുഹമ്മദ് സഫ്വാന്‍, പൊന്നാനിയിലെ പ്രണവ് രാജ് എന്നിവരാണ് ഏറ്റവും പ്രായം കുറഞ്ഞവര്‍. അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ തന്നെ മൂല്യ നിര്‍ണ്ണയം നടത്തി 2022, ഏപ്രില്‍ 18 ന് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് (NIOS) ആണ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നൽകുന്നത്.

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍ അധ്യക്ഷനായി. വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെല്ലാഞ്ചേരി നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാമിഷന്‍ അസി. ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ പദ്ധതി വിശദീകരണം നിര്‍വഹിച്ചു., ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. തങ്കമണി, വെട്ടം പഞ്ചായത്ത് വൈസ് പ്രസി. രജനി മുല്ലയില്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ റിയാസ് ബാബു കളരിക്കല്‍, വര്‍ഡ് അംഗങ്ങളായ കെ. സൈനുദ്ദീന്‍, ഷംല, സാക്ഷരതാ ജില്ലാ കോര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ്, ഡയറ്റ് ലക്ചര്‍ ടി. സുശീലന്‍ മാസ്റ്റര്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് ബഷീര്‍, സാക്ഷരതാ പ്രേരക് ടി. ബിന്ദു എന്നിവര്‍ സംസാരിച്ചു.

date