Skip to main content

വായനശാലകളിലൂടെ അക്ഷരങ്ങളെ സ്വായത്തമാക്കി 72 കാരന്‍ അച്യുതന്‍

 

 

അക്ഷരം പഠിച്ചതിന് ശേഷം വായനശാലകള്‍ എന്നതാവും നമ്മളില്‍ ഏറെ പേരുടെയും സങ്കല്‍പ്പം. എന്നാല്‍ അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിക്കുന്നത് തന്നെ വായനശാലകളില്‍ നിന്നാണെന്നതാണ് പരിയാപുരം സ്വദേശിയായ 72 വയസുകരന്‍ അച്യുതനെ വ്യത്യസ്തനാക്കുന്നത്. 'പഠന ലിഖ്‌ന അഭിയാന്‍' സാക്ഷരതാ പരീക്ഷയായ മികവുത്സവത്തില്‍ പരിയാപുരം എ.എല്‍.പി സ്‌കൂളിലെ പരീക്ഷാര്‍ത്ഥിയായി എത്തിയ അച്യുതന്റെ എഴുത്തും വായനയും മറ്റ് പഠിതാക്കളില്‍ നിന്നും വേറിട്ടതുമാണ്.

സ്‌കൂളില്‍ പോയിരുന്നെങ്കിലും ആദ്യനാളുകളില്‍ തന്നെ പഠനം നിര്‍ത്തേണ്ടി വന്ന അച്യുതന് അറിവിന്റെ വെളിച്ചമേകിയത് വര്‍ഷങ്ങള്‍ക്കിപ്പുറം പരിയാപുരത്തെ നവയുഗം വായനശാലയും അതിലെ പ്രവര്‍ത്തകരുമാണ്. കവിതകളൊക്കെ എഴുതുമെങ്കിലും അക്ഷരങ്ങള്‍ വ്യക്തമല്ലാത്തത് തിരിച്ചടിയായപ്പോഴാണ് തുല്യത പരീക്ഷ എഴുതി സര്‍ട്ടിഫിക്കറ്റ് നേടാന്‍ അച്യുതനെ പ്രേരിപ്പിച്ചത്. വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി വാസുദേവന്‍ നായര്‍, മുട്ടത്തുവര്‍ക്കി എന്നിങ്ങനെ പോകുന്നു അച്യുതന്റെ ഇഷ്ട എഴുത്തുകാര്‍. ഉറൂബിന്റെ 'ഉമ്മാച്ചു' എന്ന നോവലാണ് അവസാനമായി വായിച്ചതെന്ന് അച്യുതന്‍ പറയുന്നു. മുഖപുസ്തകങ്ങളുടെ കാലത്ത് പുസ്തകങ്ങളെയും സാഹിത്യരചനകളെയും ഏറെ കൗതുകത്തോടെ വായിക്കാനിഷ്ടപ്പെടുന്ന അച്യുതന്‍ പുതുതലമുറയ്ക്ക് ഒരു പാഠമാണ്.

date