Skip to main content

പറമ്പ ഗവ. യു പി സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

 

 

മാതൃക പ്രീ പ്രൈമറിയുടെ നിര്‍മാണ പ്രവൃത്തി  എം.എല്‍.എ ഉദ്ഘാടനം ചെയ്തു

 

പറമ്പ ഗവ. യു.പി സ്‌കൂളിലെ മാതൃക പ്രീ പ്രൈമറിയുടെ നിര്‍മാണ പ്രവൃത്തി പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി ക്ലാസുകള്‍ ശിശു സൗഹൃദമാക്കുന്നതിനായി 15 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. സമഗ്ര ശിക്ഷ കേരളയുടെ ഫണ്ട് ഉപയോഗിച്ച് പറമ്പ ഉള്‍പ്പടെ ജില്ലയിലെ രണ്ട് സ്‌കൂളുകളാണ് മോഡല്‍ പ്രീ പ്രൈമറി സ്‌കൂളുകളാക്കുന്നത്. പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള വിഷയങ്ങള്‍ കണ്ടും കേട്ടും തൊട്ടും അനുഭവിച്ചും പഠിക്കാനുള്ള സൗകര്യങ്ങളാണ് വിഭാവനം ചെയ്യുന്നത്. വിദഗ്ധരായ ശില്‍പികളുടെയും കലാകാരന്‍മാരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും മേല്‍നോട്ടത്തിലാണ് പദ്ധതി തയ്യാറാക്കുക.

 

പ്രീ സ്‌കൂള്‍ വികാസ മേഖലകളില്‍ ശേഷികള്‍ ഉറപ്പാക്കാന്‍ പര്യാപ്തമായ പ്രവര്‍ത്തന മേഖലകള്‍ സജ്ജീകരിക്കുന്നതിനും ഓരോ കുട്ടിയുടെയും സവിശേഷമായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുമുള്ള ഭൗതിക സൗകര്യങ്ങളും അക്കാദമിക പിന്തുണയും കേന്ദ്രത്തിലുണ്ടാകും. 

 

പറമ്പ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷാ കേരള ഡിപിഒ സുരേഷ് കൊളശ്ശേരി, ബിപിസിഎം മനോജ് കുമാര്‍ തുടങ്ങിയവര്‍ പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എന്‍.പ്രദീപ്, പി.ടി.എ പ്രസിഡന്റ് കെ. മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.

 

date