Skip to main content

ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോൾ: സഹകരണ വകുപ്പ് ജേതാക്കൾ

 

 

തിരൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ പ്രചരണാർത്ഥം ലിംഗ സമത്വം എന്ന ആശയം മുന്‍നിര്‍ത്തി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച 'ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍' മത്സരത്തിൽ സഹകരണ വകുപ്പ് വിജയികളായി. വിജയികൾക്കുള്ള ട്രോഫികൾ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു. സൈനുദ്ധീൻ വിതരണം ചെയ്തു. സമത്വത്തിലേക്കെത്തുന്നതിന്റെ തുടക്കമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോൾ പോലുള്ള കായിക മത്സരങ്ങളെന്ന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു. സൈനുദ്ധീൻ പറഞ്ഞു. തിരൂർ തെക്കുമുറിയിലെ സോക്കർ വൺ ടർഫിൽ നടന്ന മത്സരത്തിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിനെ ഷൂറ്റൗട്ടിൽ പരാജയപ്പെടുത്തിയാണ് സഹകരണ വകുപ്പ് കിരീടത്തിൽ മുത്തമിട്ടത്. 

 

തിരൂർ എസ്.എസ്.എം പോളിടെക്നിക്കിലെ എൻ.എസ്.എസ് വളണ്ടിയർ ടീമുൾപ്പടെ പങ്കെടുത്ത ഏഴു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് പേരടങ്ങുന്ന ടീമിൽ മൂന്ന് വനിതകളും രണ്ടു പുരുഷന്മാരുമാണ് കളത്തിലിറങ്ങിയത്‌. മത്സരത്തിൽ പരപ്പനാട് റണ്ണർ അപ്പായി. മികച്ച താരമായി പരപ്പനാടിന്റെ പി. അനഘയെയും മാൻ ഓഫ് ദി മാച്ച് വി. അസ്‌ലമിനെയും തെരഞ്ഞെടുത്തു. സഹകരണ വകുപ്പിലെ ഇ.എം. വർഷ മികച്ച ഗോൾ കീപ്പറുമായി. എം. സമീറാണ് കളിനിയന്ത്രിച്ചത്.

 

മെയ്തി 10 മുതൽ 16 വരെ തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂൾ, എസ്.എസ്.എം പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലായാണ് മന്ത്രിസഭാ വാർഷികത്തിൻ്റെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണനമേള നടക്കുന്നത്.

 

ചടങ്ങിൽ വാർഡ് കൗൺസിലർമാരായ വി. നന്ദൻ, കെ. സരോജാ ദേവി, സാംസ്കാരിക പ്രവർത്തകൻ ഹമീദ് കൈനിക്കര, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, സഹകരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ (ഓഡിറ്റ്) എ.പി പ്രഭാഷ്, എ.ആർ.ജി ഓഫീസ് സൂപ്രണ്ട് കെ.ജി ഹാഷ്മി, സീനിയർ ഓഡിറ്റർ പി. നൗഷാദ്, ജൂനിയർ ഇൻസ്പെക്ടർമാരായ കെ. സുഹൈൽ, ടി. മോഹൻദാസ്, കെ. ടി വിനോദ് എന്നിവർ സംസാരിച്ചു.

ReplyForward

date