Skip to main content

മേള ഹരിതാഭമാക്കാന്‍ കൃഷി വകുപ്പ്

*വകുപ്പിന് മാത്രമായി പത്തിലധികം സ്റ്റാളുകള്‍

എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ പ്രധാന ആകര്‍ഷണമാകാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്.  വകുപ്പ് നടപ്പാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും സേവനങ്ങളുടെയും നേര്‍കാഴ്ചയാകും കനകക്കുന്നില്‍ സജ്ജീകരിക്കുന്നത്. കൃഷിയുടെ ആദ്യ ഘട്ടമായ മണ്ണൊരുക്കല്‍, വിത്തിടീല്‍, വിളപരിപാലനം തുടങ്ങി വിപണനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നേരിട്ട് കണ്ട് മനസ്സിലാക്കാനും സംശയങ്ങള്‍ക്ക് പരിഹാരം കാണാനും മാതൃകാ സ്റ്റാളുകളില്‍ അവസരമുണ്ട്. അതോടൊപ്പം പരമ്പരാഗത കൃഷിമുറകളും ആധുനിക കൃഷിരീതികളും ഇവിടെ നിന്നും മനസിലാക്കാം.

ഹോര്‍ട്ടികള്‍ചര്‍ മിഷന്റെ സ്റ്റാളില്‍ വ്യത്യസ്തവും രുചികരവുമായ പഴങ്ങളുടെ പ്രദര്‍ശനവും കൃഷിരീതികളും പരിചയപ്പെടാം. റംബുട്ടാന്‍, വിവിധയിനം മാവുകള്‍, പ്ലാവ്, തെങ്ങിന്‍ തൈകള്‍, ബുഷ്പെപ്പര്‍ എന്നിങ്ങനെ അതിവേഗം കായ്ക്കുന്ന ഫലവൃക്ഷ തൈകളുടേയും ചെടികളുടേയും പ്രദര്‍ശനവും വില്‍പ്പനയും സ്റ്റാളുകളിലുണ്ടാകും.  പച്ചമാങ്ങാ സ്‌ക്വാഷ്, വാഴപിണ്ടി സിറപ്പ് പോലുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയുമുണ്ടാകും.

പ്രദര്‍ശന വിപണന സ്റ്റാളുകളോടൊപ്പം മണ്ണ് പരിശോധന യൂണിറ്റ്, കീടരോഗബാധ നിര്‍ണയം, സേവന രജിസ്‌ട്രേഷന്‍, വിള ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളും ഇവിടെ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. കൃഷിവകുപ്പിന്റെയും സര്‍ക്കാറിന്റെയും അഭിമാന പദ്ധതിയായ 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ പ്രദര്‍ശനമാണ് മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. മണ്ണിനെ കൂടുതല്‍ അറിയാനും കൃഷി രീതികള്‍ മനസ്സിലാക്കാനും ഈ മാതൃക സ്റ്റാളുകള്‍ ഉപകാരപ്പെടും.

date