Skip to main content

എം എന്‍ ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം മെയ് 14ന് ജില്ലയില്‍ പുനര്‍ നിര്‍മ്മിക്കുന്നത് 99 ഒറ്റവീടുകള്‍

സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി 165 കുടുംബങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. കാലങ്ങളായി ഒരു ഭിത്തിക്ക് അപ്പുറവും ഇപ്പുറവുമായി 
കഴിഞ്ഞിരുന്ന ലക്ഷംവീട് കോളനി കുടുംബങ്ങള്‍ക്കാണ് എം എന്‍ ഭവന നിര്‍മ്മാണ പദ്ധതിയിലുടെ പുതിയമുഖം കൈവരുന്നത്. ലക്ഷംവീട് പദ്ധതിയുടെ അമ്പതാം വാര്‍ഷികദിനമായ മെയ് 14ന് എം എന്‍ ഭവന നിര്‍മ്മാണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വ്വഹിക്കും. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മാടക്കത്തറ ഗ്രാമപഞ്ചായത്ത്, മാറ്റാംപുറം ലക്ഷംവീട് കോളനിയില്‍ നിന്നാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. 

പദ്ധതി പ്രകാരം തൃശൂര്‍ ജില്ലയില്‍ 99 ഒറ്റവീടുകളാണ് പുനര്‍നിര്‍മ്മിക്കുന്നത്. കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ 19 ലക്ഷംവീടുകള്‍,  ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മരത്താക്കര, പൊന്നുക്കര ലക്ഷംവീട് കോളനികളിലെ യഥാക്രമം 39, 11 വീടുകള്‍, മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് കോളനിയിലെ 30 വീടുകളുമാണ് ഒറ്റവീടുകളാക്കി പുതുക്കി പണിയുന്നത്. കാലപ്പഴക്കവും
അസൗകര്യവും കൊണ്ട് ദുരിതത്തിലായ കുടുംബങ്ങള്‍ക്കാണ് ഒറ്റവീട് പദ്ധതി ആശ്വാസമാകുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ കാസര്‍കോട്-16, കണ്ണൂര്‍-26, മലപ്പുറം-10, പത്തനംതിട്ട-14 ഒറ്റവീടുകളാണ് നിര്‍മ്മിക്കുന്നത്. ഏറ്റവും കൂടുതല്‍ വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നത് തൃശൂര്‍ ജില്ലയില്ലാണ്.

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് സ്‌പെഷ്യല്‍ ബംബര്‍ ലോട്ടറി നടത്തി സമാഹരിച്ച 6,16,63,260 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതിയില്‍പ്പെട്ട വീടുകളുടെ പുനര്‍നിര്‍മ്മാണവും ഇരട്ടവീടുകള്‍ ഒറ്റവീടാക്കുന്ന പദ്ധതിയും നടപ്പിലാക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് നാല് ഗഡുക്കളായി 4 ലക്ഷം രൂപ വീതം നല്‍കും. 

മാറ്റാംപുറം ലക്ഷംവീട് പദ്ധതി പ്രദേശത്ത് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ റവന്യൂമന്ത്രി കെ രാജന്‍ അധ്യക്ഷനാകും. പട്ടികജാതി, 
പട്ടികവര്‍ഗ പിന്നാക്കക്ഷേമമന്ത്രി കെ രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, ടി എന്‍ പ്രതാപന്‍ എം പി എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി, കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പി സുനീര്‍, ഹൗസിംഗ് കമ്മീഷണര്‍ എന്‍ ദേവിദാസ്, ഭവന നിര്‍മ്മാണ ബോര്‍ഡ് മെമ്പര്‍ എം ഗീതാഗോപി, കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ കെ പി കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

date