Skip to main content
തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ  പദ്ധതി പൂർത്തീകരണം സംബന്ധിച്ച സർവകക്ഷി യോഗത്തിൽ കെ കെ രാമചന്ദ്രൻ എംഎൽഎ  സംസാരിക്കുന്നു

തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി;  ആദ്യഘട്ടം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാന്‍ തീരുമാനം

 

തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ തടസങ്ങള്‍ നീക്കി ആദ്യഘട്ടം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാന്‍ തീരുമാനം. നിര്‍മ്മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത പദ്ധതിക്കാണ് കെ കെ രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായത്. 

പദ്ധതിക്കായി 230 മീറ്റര്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം കൂടി ബാക്കിയുണ്ട്. സ്ഥലഉടമകള്‍ തര്‍ക്കം ഉന്നയിച്ചിരിക്കുന്നതിനാല്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അജയകുമാര്‍ യോഗത്തില്‍ അറിയിച്ചു. പ്രസ്തുത സ്ഥലത്തു പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് സ്ഥലഉടമകളുമായി സംസാരിക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ക്കുമായി എംഎല്‍എയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, സര്‍വ്വകക്ഷി പ്രതിനിധികള്‍ എന്നിവരടങ്ങിയ ഒരു കമ്മിറ്റിയെ തെരെഞ്ഞെടുത്തു. 
ഇലക്ട്രിക്കല്‍ പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പൂര്‍ണ്ണമായും വരന്തരപ്പിള്ളി, പുതുക്കാട്, തൃക്കൂര്‍, നെന്മണിക്കര പഞ്ചായത്തുകളിലെ പ്രദേശങ്ങള്‍ ഭാഗീകമായും ഉള്‍പ്പെടുന്ന വലിയ പദ്ധതിയാണ് തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍. 8.5 കോടി രൂപയാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് അനുവദിച്ചിട്ടുള്ളത്. 

വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്, പഞ്ചായത്ത് 
പ്രസിഡന്റുമാരായ അജിത സുധാകരന്‍, പ്രിന്‍സന്‍ തയ്യാലക്കല്‍, സൈമണ്‍ നമ്പാടന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ വി എസ് പ്രിന്‍സ്, സരിത രാജേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date