Skip to main content
മോട്ടോര്‍ വാഹന വകുപ്പ് ഒരുക്കിയ സൈക്കിള്‍ സ്ലോ റേസില്‍ പങ്കെടുന്ന ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍

മോട്ടോര്‍ വാഹന വകുപ്പിന്റെ സൈക്കിള്‍ സ്ലോ റേസില്‍ താരമായി ജില്ലാ കളക്ടര്‍

മോട്ടോര്‍ വാഹന വകുപ്പ് ഒരുക്കിയ സൈക്കിള്‍ സ്ലോ റേസില്‍ പങ്കെടുത്ത് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടു അനുബന്ധിച്ച് നടത്തിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മോട്ടോര്‍ വാഹന വകുപ്പ് സജ്ജീകരിച്ച സ്റ്റാളിലാണ് വേഗത കുറയ്ക്കൂ അപകടം ഒഴിവാക്കൂ എന്ന സന്ദേശം പങ്ക് വച്ച് സന്ദര്‍ശകര്‍ക്കായി സൈക്കിള്‍ സ്ലോ റേസ് ഒരുക്കിയിരിക്കുന്നത്. മേള സന്ദര്‍ശിച്ച് വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എത്തിയപ്പോഴാണ് ആര്‍ ടി ഒ എ കെ ദിലു  സൈക്കിള്‍ സ്ലോ റേസില്‍ പങ്കെടുക്കാന്‍ കളക്ടറെ ക്ഷണിച്ചത്. യാതൊരു വിമുഖതയും കൂടാതെ ജില്ലാ കളക്ടര്‍ സൈക്കിളിലേക്ക് കയറിയപ്പോള്‍ കണ്ട് നിന്നവര്‍ക്കും അത് ഏറെ ആവേശമായി. നിറഞ്ഞ കൈയ്യടികളോടെയാണ് ജില്ലാ കളക്ടറെ സന്ദര്‍ശകര്‍ അഭിനന്ദിച്ചത്.

 

മൂന്ന് മീറ്റര്‍ ദൂരം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് സൈക്കിള്‍ ചവിട്ടുന്നവര്‍ക്ക് ആണ് സമ്മാനം ലഭിക്കുക.  കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മോട്ടോര്‍ വാഹനവകുപ്പ് ഒരുക്കിയ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആവേശത്തോടെയാണ് പ്രദര്‍ശന നഗരിയിലേക്ക് എത്തുന്നത്. മേള അവസാനിക്കുന്ന ദിവസം ആയിരിക്കും വിജയിയെ പ്രഖ്യാപിക്കുക.ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റാളില്‍ സന്ദര്‍ശകരുടെ വലിയ തിരക്കാണ്. സൈക്കിള്‍ സ്ലോ റേസ് കൂടാതെ ഉത്തരം നല്‍കൂ, ഹെല്‍മെറ്റ് നേടൂ എന്ന സമ്മാന പദ്ധതിയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അവിടെ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം എഴുതി അവിടെ സജ്ജീകരിച്ചിരിക്കുന്ന ബോക്‌സില്‍ നിക്ഷേപിക്കാം. എല്ലാ ദിവസവും രണ്ട് തവണ നറുക്കെടുപ്പ് ഉണ്ടാകും.

 

ഹെല്‍മെറ്റ് ആണ് സമ്മാനമായി ലഭിക്കുക. കൂടാതെ, സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്ന സെല്‍ഫി പോയിന്റില്‍ നിന്ന് സെല്‍ഫി എടുത്ത് അവിടെ പ്രദശിപ്പിച്ചിരിക്കുന്ന വാട്ട്സ് ആപ്പ് നമ്പറില്‍ അയക്കാം. തിരഞ്ഞെടുക്കുന്ന സെല്‍ഫിക്ക് സമ്മാനം ഉണ്ടായിരിക്കും. കൂടാതെ, സ്റ്റാളില്‍ പഴയകാല കാറായ പ്രീമിയര്‍ പത്മിനിയുടെ എന്‍ജിന്‍ പ്രവര്‍ത്തനത്തിന്റെ ഡിസ്പ്ലേയും, റോഡ് സുരക്ഷയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റാള്‍ കൂടാതെ പ്രദര്‍ശന നഗരിയുടെ പ്രധാന പവലിയന് പുറത്തായി 1934 മോഡല്‍ ഓസ്റ്റിന്‍ , 1948 മോഡല്‍ മോറിസ് മൈനര്‍ എന്നീ വിന്റേജ് കാറുകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് സെല്‍ഫിയെടുക്കാനുള്ള സൗകര്യവും സന്ദര്‍ശകര്‍ക്കുണ്ട്. കൂടാതെ, മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളും തല്‍സമയം ജനങ്ങള്‍ക്ക് സ്റ്റാളില്‍ ലഭ്യമാണ്.

date