Skip to main content

കൊടുമണ്‍ സ്റ്റേഡിയം കായിക വകുപ്പ് ഗ്രാമപഞ്ചായത്തിന് കൈമാറി സമ്പൂര്‍ണമായി നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം 18ന്

നിര്‍മാണം പൂര്‍ത്തീകരിച്ച  കൊടുമണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ  നടത്തിപ്പ് ചുമതല കായിക വകുപ്പ് പഞ്ചായത്തിന് കൈമാറി. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയിലൂടെ 15.10 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.
അത്യാധുനിക നിലവാരത്തിലുള്ള സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍ കോര്‍ട്ടുകള്‍, ഷട്ടില്‍ കോര്‍ട്ടുകള്‍,  സിന്തറ്റിക് ട്രാക്ക് തുടങ്ങിയവയുടെ നിര്‍മാണവും നേരത്തെ തന്നെ  പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഒപ്പം കളിക്കാര്‍ക്കുള്ള വിശ്രമമുറികള്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പാര്‍ക്കിംഗ് സൗകര്യം, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഉള്ള ടോയ്‌ലറ്റുകള്‍, ഫ്‌ളഡ്‌ലൈറ്റ് സംവിധാനം, ആധുനിക സജ്ജീകരണങ്ങള്‍, പവലിയന്‍  തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

 

കഴിഞ്ഞ മൂന്നര വര്‍ഷമായി അവിടെ കുട്ടികള്‍ക്കുള്ള പരിശീലനവും നടക്കുന്നുണ്ട്. നല്ല പരിശീലകരെ ഉള്‍പ്പെടെ കണ്ടെത്തി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായവും പഞ്ചായത്തിന്റെ സഹായവും ലഭ്യമാക്കിയാണ് ഇവിടെ പരിശീലനം നടത്തിവരുന്നത്. കിറ്റ്കോ ആയിരുന്നു പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി.  കിറ്റ്കോ സ്റ്റേഡിയം  കായികവകുപ്പിന് കൈമാറിയിരുന്നു.

 

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കായിക വകുപ്പ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്  സ്റ്റേഡിയത്തിന്റെ കൈവശരേഖ കൈമാറി. ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ സി. പ്രകാശ്, പഞ്ചായത്ത് സെക്രട്ടറി പി. പ്രസാദ്, സ്പോര്‍ട്സ് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഷാജഹാന്‍,  കിറ്റ്കോ പ്രോജക്റ്റ് മാനേജര്‍ അബ്ദുള്‍ ഹമീദ്, കിറ്റ്കോ പ്രോജക്റ്റ് എഞ്ചിനീയര്‍ ഫാബിയന്‍ ഡിക്രൂസ്, പ്രോജക്റ്റ് എഞ്ചിനീയര്‍ എസ്. നൗഫല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

സമ്പൂര്‍ണമായി നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഈ മാസം പതിനെട്ടിന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കായികമന്ത്രി വി. അബ്ദുല്‍റഹ്മാന്‍ നിര്‍വഹിക്കും.

date