Skip to main content

ജനകീയ മേളക്ക് നാളെ സമാപനം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് സമാപനം. കഴിഞ്ഞ 11ന് ആരംഭിച്ച മേള ഇന്ന് (17) രാത്രി ഒന്‍പതോടെ സമാപിക്കും. ഇതിനോടകംതന്നെ ജനങ്ങള്‍ നെഞ്ചോട് ഏറ്റെടുത്ത മേള തീര്‍ത്തും വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ജില്ലക്കാര്‍ക്ക് സമ്മാനിച്ചത്.

 

നാളെ (17) രാവിലെ 10 ന് ഔദ്യോഗിക സമാപന സമ്മേളനം നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സ്വാഗതവും എഡിഎം അലക്സ് പി തോമസ് നന്ദിയും പറയും.

 

സമാപനദിവസമായ ഇന്ന് രാവിലെ 11.30ന് ശാസ്ത്രീയ മത്സ്യകൃഷിയും നൂതന സാങ്കേതികവിദ്യകളും, 12.30ന് അതിക്രമനിവാരണ നിയമവും പട്ടികജാതി വികസന വകുപ്പിന്റെ ക്ഷേമ പദ്ധതികളും സെമിനാറുകള്‍ നടക്കും. വൈകിട്ട് മൂന്നിന് കനല്‍ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ കലാവേദിയിലെത്തും. വൈകിട്ട് ആറിന് പത്തനംതിട്ട സാരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും അവതരിപ്പിക്കപ്പെടും.

 

കഴിഞ്ഞ 11ന് ആണ് ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേള ആരംഭിച്ചത്. 10,000 ലധികംപേര്‍ ആദ്യ അഞ്ച് ദിവസങ്ങളില്‍ പ്രദര്‍ശന നഗരിയില്‍ എത്തിയതായാണ് കണക്കുകൂട്ടല്‍. 170 സ്റ്റാളുകളിലും ജനങ്ങളുടെ സജീവ ഇടപെടലുണ്ടായി. സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനം സംബന്ധിച്ച സ്റ്റാളുകളിലും വാണിജ്യസ്റ്റാളുകളിലും ഒരുപോലെ ജനത്തിരക്കുണ്ടായി. സെമിനാര്‍ വേദികളിലും കലാവേദിയിലും സന്ദര്‍ശകര്‍ സജീവമായത് ജില്ലയ്ക്കുതന്നെ പുത്തന്‍ അനുഭവമായിക്കഴിഞ്ഞു. കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കലാകാര്‍ക്ക് ഒരു കൈ സഹായം എന്ന ലക്ഷ്യത്തോടു കൂടിയാണ് കലാപരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നത്. ഇന്ന് രാത്രി ഒന്‍പതുവരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്.

date