Skip to main content

സാരംഗിന്റെ ഗാനമേളയോടെ കലാസന്ധ്യക്കും നാളെ തിരശീലവീഴും

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കലാസന്ധ്യക്കും ഇന്ന് സമാപനം. ജില്ലാ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് പത്തനംതിട്ട സാരംഗ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയോടെയാണ് കലാസന്ധ്യക്ക് തിരശീല വീഴുന്നത്. ജില്ലയുടെ സന്ധ്യകള്‍ക്ക് കലയുടെ ചാതുര്യം പകര്‍ന്ന ഏഴ് ദിവസങ്ങള്‍ക്കാണ് ഇതോടെ സമാപനമാകുന്നത്.
ഇതിനിടയില്‍ 20 കലാപരിപാടികളാണ് കലാവേദിയില്‍ അരങ്ങേറിയത്. പാരമ്പര്യ കലകള്‍ മുതല്‍ മിമിക്സ്, ഗാനമേള, നാടകം എന്നിവ വരെ അവതരിപ്പിക്കപ്പെട്ടു. രാത്രി 10 വരെ നീണ്ടുനില്‍ക്കുന്നതായിരുന്നു മിക്കദിവസത്തേയും കലാപിപാടികള്‍. യുഎഇ ഭരണാധികാരിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച 14 ന് നടക്കേണ്ടിയിരുന്ന സുനില്‍ വിശ്വത്തിന്റെ പാട്ടുകളവും അപര്‍ണ രാജീവിന്റെ സ്മൃതി സന്ധ്യയും മാറ്റിവയ്ക്കേണ്ടിവന്നിരുന്നു.

 

പാരമ്പര്യ കലകളായിരുന്നു ഉദ്ഘാടന ദിനത്തില്‍ അവതരിപ്പിച്ചത്. പുറമടിയാട്ടം, കോല്‍ക്കളി, മുടിയാട്ടം, കഥകളി, കളരിപ്പയറ്റ് എന്നിവയ്‌ക്കൊപ്പം തായില്ലം തിരുവല്ലയുടെ നാടന്‍ പാട്ടും ദൃശ്യവിരുന്നും കൂടിയായപ്പോള്‍ ആദ്യദിനം കൊഴുത്തു. രണ്ടാം ദിനത്തില്‍ കാലന്‍കോലം പടയണിയും വേലകളിയും ബോഡുബെറു നാടന്‍ സംഗീതവും ആസ്വാദകര്‍ക്ക് മുന്നിലെത്തി. രാത്രി അവതരിപ്പിക്കപ്പെട്ട ഇരുട്ട് നാടകം പ്രേക്ഷകര്‍ക്ക് പുതിയ കാഴ്ചപ്പാട് പകര്‍ന്നു നല്‍കുന്നതായി. ജീവിതത്തിലേക്ക് കടന്നുവരുന്ന ഇരുട്ടിനെ വെളിച്ചം കൊണ്ട് മറികടക്കേണ്ടതിന്റെ ആവശ്യകത ചിത്രീകരിച്ചതായിരുന്നു നാടകം.

 

ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ ഇന്ത്യന്‍ ഗ്രാമോത്സവം കാണികളെ ആവേശം കൊള്ളിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നൃത്തരൂപങ്ങളാണ് ഇവിടെ അരങ്ങേറിയത്. തൊട്ടുമുമ്പു നടന്ന അജിത്ത് വേണുഗോപാലിന്റെ ഗസല്‍ സന്ധ്യയിലും ശ്രോതാക്കള്‍ ഏറെയായിരുന്നു. കരുനാഗപ്പള്ളി ഗിരീഷ്‌കുമാറിന്റെ ജുഗല്‍ബന്ദിയും പോലീസ് ടീമിന്റെ ഗാനമേളയും രാഹുല്‍ കൊച്ചാപ്പിയും സംഘവും അവതരിപ്പിച്ച പാട്ടുവഴിയും നിറഞ്ഞ സദസിലാണ് അവതരിപ്പിക്കപ്പെട്ടത്. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നാടകം ഓക്‌സിജന്‍ അവതരണത്തിലെ പുതുമ കൊണ്ട് ശ്രദ്ധേയമായി. കോമഡി മിമിക്രി മഹാമേളയും വിധുപ്രതാപും സംഘവും അവതരിപ്പിച്ച ഗാനമേളയും അക്ഷരാര്‍ത്ഥത്തില്‍ ജനത്തെ കയ്യിലെടുക്കുകയായിരുന്നു.
വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും കലാ സംസ്‌കാരിക പരിപാടികള്‍ 12നും കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാജാഥ 13നും നടന്നിരുന്നു.

 

2.30 ആരംഭിച്ച ഈ പരിപാടികളും ജനപങ്കാളിത്തത്താല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 14ന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു കലാപരിപാടികള്‍. ഓട്ടന്‍തുള്ളല്‍, മാജിക്ഷോ തുടങ്ങിയവയിലൂടെ ലഹരിവിരുദ്ധ ബോധവത്കരണം ഫലപ്രദമായി നടത്താനാവുമെന്ന് തെളിയിക്കാന്‍ വകുപ്പിനായി. 15 ന് വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലായിരുന്നു കലാപരിപാടികള്‍. തികച്ചും വ്യത്യസ്തമായ കലാപരിപാടികള്‍ക്ക് ഇന്നലെ സദസ് സാക്ഷ്യം വഹിച്ചു. ഭിന്നശേഷി കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളുടേയും ഗ്രൂപ്പുകളുടേയും കലാപരിപാടികള്‍ ഏറെ വ്യത്യസ്തത പുലര്‍ത്തി. ട്രാന്‍സ് ജെന്‍ഡേഴ്സിന്റെ കലാപരിപാടികളും ആകര്‍ഷണീയമായി. നിറഞ്ഞ കയ്യടികളോടെയാണ് സദസ് ഈ പരിപാടികളെ പ്രോത്സാഹിപ്പിച്ചത്. പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള നാടന്‍പാട്ടും കലാ-സാംസ്‌കാരിക പരിപാടികളുമാണ് സമാപന ദിവസമായ ഇന്ന് ഉച്ചയ്ക്ക് വേദിയിലെത്തുന്നത്.

date