Skip to main content

വയോജന സംരക്ഷണത്തിന് മുന്‍ഗണന: കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ

വയോജന സംരക്ഷണത്തിന് സര്‍ക്കാര്‍ മുഗണന നല്‍കിയിട്ടുണ്ടെന്നും ഇതിനായി ദീര്‍ഘവീക്ഷണത്തോടു കൂടിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ഘോഷം എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായമായവര്‍ക്ക് സേവനങ്ങള്‍ വീട്ടില്‍ എത്തിച്ച് നല്‍കാനായി സര്‍ക്കാര്‍ വാതില്‍ പടി സേവനങ്ങള്‍ പദ്ധതി നടപ്പിലാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വയോ മധുരം പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന അമ്മിണി, ഓമനയമ്മ എന്നിവര്‍ക്കുള്ള ഗ്ലൂക്കോമീറ്റര്‍ വിതരണവും എംഎല്‍എ നിര്‍വഹിച്ചു.

 

സെമിനാറില്‍ അഡ്വ പ്രകാശ് പി. തോമസ് നിയമവശങ്ങളെക്കുറിച്ച് വിശദീകരിച്ചു. പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നത് വിദ്യാഭാസവും സമ്പന്നരായവരുടെ രീതിയായി മാറിയിരിക്കുകയാണ്. പ്രായമായരോട് ഹീനമായി പെരുമാറുന്നതിലും മലയാളികള്‍ പിന്നിലല്ല. ഇത് സംബന്ധിച്ചുള്ള പരാതികള്‍ ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിക്ക് നല്‍കാം.

 

നിയമമനുസരിച്ച് വരുമാനമുള്ള മക്കള്‍ മാതാപിതാക്കളെ നോക്കാന്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍ പ്രായമായവരെ കരുതേണ്ടത് നിയമമനുസരിക്കാന്‍ വേണ്ടി മാത്രമല്ല സംസ്‌കാരം അനുസരിച്ചുള്ള കടമകൂടിയാണ്. സമൂഹത്തില്‍ ഒറ്റപ്പെടലിന്റെ വേദനയില്‍ കഴിയുന്ന എല്ലാവരേയും പരിപാലിക്കുന്നതും നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.

date