Skip to main content

ഗുരു ചന്തു പണിക്കര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൈതൃക കെട്ടിടം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സന്ദര്‍ശിച്ചു

തൃക്കരിപ്പൂര്‍ ഗുരു ചന്തു പണിക്കര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൈതൃക കെട്ടിടം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമദ് ദേവര്‍ കോവില്‍ സന്ദര്‍ശിച്ചു. 1915 ല്‍ പണികഴിപ്പിച്ച സ്‌കൂള്‍ കെട്ടിടമാണ് മന്ത്രി സന്ദര്‍ശിച്ചത്. കഥകളി ആചാര്യന്‍ ഗുരു ചന്തുപ്പണിക്കരുടെ ജന്മസ്ഥലമായ ഇളമ്പച്ചിയിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ സ്മരണാര്‍ഥമാണ് സൗത്ത് തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗുരു ചന്തുപ്പണിക്കര്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇളമ്പച്ചി എന്ന് പുനര്‍നാമകരണം ചെയ്തത്. ഗുരു ചന്തു പണിക്കര്‍ ജനിച്ചു വളര്‍ന്ന വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന വിദ്യാലയമാണിത്.
1958 ല്‍ ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്ന് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരമായ വീരശൃംഖല അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് അദ്ദേഹം. 1875 ല്‍ ഇളമ്പച്ചിയില്‍ ജനിച്ച ഗുരു ചന്തു പണിക്കര്‍ 1969 ല്‍ മരിച്ചു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും മറ്റുമുള്ള ഇടപെടല്‍ ആവശ്യപ്പെട്ടുള്ള നിവേദനം സ്‌കൂള്‍ അധികൃതര്‍ മന്ത്രിക്ക് കൈമാറി. സ്‌കൂളിന്റെ വികസനത്തിന് വേണ്ടുന്ന എല്ലാ സഹായ സഹകരണങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം മനു, ഗ്രാമ പഞ്ചായത്തംഗങ്ങളായ വി പി സുനീറ, കെ എന്‍ വി ഭാര്‍ഗവി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി കെ ഹരീന്ദ്രന്‍ , ഹെഡ്മിസ്ട്രസ് പി ലീന, പി ടി എ പ്രസിഡന്റ് പി പ്രസാദ്, ഫോക് ലാന്‍ഡ് ചെയര്‍മാന്‍ ഡോ. വി ജയരാജന്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

date