Skip to main content

ദേശീയ ഡെങ്കിപ്പനി ദിനം ആചരിച്ചു

മെയ് 16  ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ  ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും, ജില്ലാ വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റും സംയുക്തമായി ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യം സ്ഥിരം സമിതി അദ്ധ്യക്ഷ എസ് എന്‍ സരിത നിര്‍വ്വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷിനോജ് ചാക്കോ, പനത്തടി ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യം സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശിവപ്രസാദ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ ടി മനോജ് സ്വാഗതവും പാണത്തൂര്‍ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ എന്‍ വിനയകുമാര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ബോധവത്കരണ സെമിനാറില്‍ ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോളിങ് ഓഫീസര്‍ വി സുരേശന്‍ കൊതുകുജന്യ രോഗങ്ങളെ സംബന്ധിച്ച് ക്ലാസ് എടുത്തു. തുടര്‍ന്ന് സെന്റ് മേരിസ് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ് സയന, എപ്പിഡെമിക് കണ്ട്രോള്‍ സെല്‍ ജെ എച് ഐ പി വി മഹേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നു സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരത്തില്‍ എന്‍ എസ് നിഖില്‍ കുമാര്‍, വി വിഷ്ണുപ്രിയ, കെ ആര്‍ ധന്യ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. തുടര്‍ന്ന് കാസര്‍കോട് ഡിസ്ട്രിക്ട് കണ്‍ട്രോളിങ് യൂണിറ്റിന്റെ  നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ബോധവത്കരണ പ്രദര്‍ശനം സംഘടിപ്പിച്ചു. ''ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ നമുക്ക് കൈകോര്‍ക്കാം'' എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിപ്പനിദിന സന്ദേശം. മഴക്കാലരോഗ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഫീല്‍ഡ് തല ഉറവിടനശീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തുമെന്നും ഇതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും  സഹകരണം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു.
 

date