Skip to main content

ഗാനമേളയുമായി ശ്രോതാക്കളെ കയ്യിലെടുത്ത് പോലീസ്

ഇടിക്കാനും കള്ളന്മാരെ പിടിക്കുവാനും മാത്രമല്ല, വേണമെങ്കില്‍ ശ്രുതി മീട്ടി സ്വരാഗസുധയും ഇവര്‍ ഒരുക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് കാക്കിക്കുള്ളിലെ കലാകാരന്‍മാര്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ അഞ്ചാം ദിനം കലാസന്ധ്യ സാക്ഷ്യം വഹിച്ചത് പോലീസിലെ കലാകാരുടെ ഗാനമാധുരിയാണ്. മെലഡിയില്‍ തുടങ്ങി ഇന്നത്തെ തലമുറയുടെ സംഗീതത്തില്‍ എത്തിയതോടെ ഓര്‍മ്മകള്‍ ഓടക്കുഴലൂതിയ സംഗീത രാവിന് സാക്ഷ്യം വഹിക്കുകയായിരുന്നു ജില്ലാ സ്റ്റഡിയം.മികച്ച ഗാനങ്ങളുടെ പശ്ചാസംഗീതത്തോടെ തുടങ്ങിയ പരിപാടിയില്‍ പ്രണയ ഗാനങ്ങളും മറ്റു ഭാഷാ ഗാനങ്ങളും നാടന്‍ പാട്ടും പാടി ജനമൈത്രി പോലീസായി മാറുകയായിരുന്നു ജില്ലാ സേനാംഗങ്ങള്‍.

 

എസ്. അരുണ്‍ ദേവിന്റെ ഗാനത്തോടെ തുടങ്ങിയ ഗാനമേളയില്‍ എസ്.ഐ മാരായ സജു, റാഫി എന്നിവര്‍ക്കൊപ്പം രാജേഷ്, നാന്‍സി, പ്രിന്‍സ് കൈപ്പട്ടൂര്‍, പ്രദീപ്, ജയകുമാര്‍, ശ്രീരാജ് എന്നിവരായിരുന്നു ഗായകര്‍. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ഗായകനുമായ ഗിരീഷിന്റെ നേതൃത്വത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

 

മേളയുടെ അഞ്ചാം ദിനം ഉച്ചയോടെതന്നെ കലാവേദി സജീവമായിരുന്നു. വനിതാ ശിശു വികസന വകുപ്പ്സംഘടിപ്പിച്ച കലാപരിപാടികള്‍ ആയിരുന്നു ആദ്യം. ശേഷം കരുനാഗപ്പള്ളി ഗിരീഷ്‌കുമാറും സംഘവും അവതരിപ്പിച്ച വയലിന്‍ ഫ്‌ളൈസ് 2022 എന്ന ജുഗല്‍ബന്ദിയും വ്യത്യസ്തത പുലര്‍ത്തി. രാഹുല്‍ കൊച്ചാപ്പിയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും സദസിനെ ഇളക്കിമറിച്ചു. പഴയ കാലത്തിന്റെ മനോഹരമായ ദൃശ്യങ്ങളും കൂടി വേദിയില്‍ മിന്നി മറഞ്ഞപ്പോള്‍ അവിസ്മരണീയമായ കലാവിരുന്നിനാണ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്.

date