Skip to main content
എന്റെ കേരളം പ്രദര്‍ശന നഗരിയെ വൃത്തിയോടെ കാത്തുസൂക്ഷിക്കുന്ന തൊഴിലാളികള്‍

ചേച്ചിമാര്‍ ഉഷാര്‍! വൃത്തിക്ക് തെല്ലും കുറവില്ല...

പ്രദര്‍ശന വിപണനമേള സുന്ദരമാക്കുന്നത് ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു! ഇവിടെ വൃത്തിയാക്കുന്ന ക്ലീനിങ് സ്റ്റാഫുകള്‍... സത്യത്തില്‍ ശരിയല്ലേ അവരില്ലെങ്കില്‍ ഇതൊക്കെ വൃത്തി ആവില്ലല്ലോ. എറണാകുളത്തുനിന്നും നീല്‍ അസോസിയേഷന്‍ വഴി വന്ന 14 പേരും ജില്ലയില്‍ നിന്നുള്ള 18 പേരും ചേരുന്ന സംഘമാണ് എന്റെ കേരളം പ്രദര്‍ശന നഗരിയെ മനോഹരമായി കാത്തുസൂക്ഷിക്കുന്നത്. സെക്യൂരിറ്റി ജോലിയും ഇവര്‍തന്നെയാണ് നിര്‍വഹിക്കുന്നത്.

 

അതിരാവിലെ തന്നെ ഇവരുടെ ജോലി തുടങ്ങും. മേള തുടങ്ങുന്ന ഒന്‍പത് മണിക്ക് മുന്നായി പ്രധാനവേദിയും സ്റ്റാളുകളും ഉള്‍പ്പെടെയുള്ള പ്രദര്‍ശന നഗരി വൃത്തിയാക്കിയിരിക്കും.എറണാകുളം ജില്ലയില്‍നിന്നും ലീല ചേച്ചിയും സഹായത്തിന് സ്നേഹലതയും യമുനചേച്ചിയും പത്തനംതിട്ടയില്‍ നിന്നും 18 പേരടങ്ങുന്ന സംഘമാണ് ജില്ലാ സ്റ്റേഡിയത്തില്‍ എത്തിയത്. ഇതില്‍ ഒന്‍പത് പേര്‍ വൃത്തിയാക്കുന്നതിനും ഒന്‍പത്പേര്‍ സെക്യൂരിറ്റി ജോലിക്കുമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്.

 

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടുബന്ധിച്ച് നടത്തുന്ന പ്രദര്‍ശനമേളയെ മനോഹരിയാക്കാന്‍ നിയോഗിക്കപ്പെട്ടവരില്‍ വടശ്ശേരിക്കരയില്‍ നിന്നും 73 വയസുള്ള രാജമ്മ കുഞ്ഞുഞ്ഞുമുണ്ട്. ലീല ചേച്ചി ഏതാണ്ട് എട്ട് ഒമ്പത് വര്‍ഷമായി ഈ മേഖലയിലേക്ക് കടന്നു വന്നിട്ട്. തുടക്കം എറണാകുളം ഐലന്‍ഡില്‍ ആയിരുന്നു. രാജമ്മ ചേച്ചി കോട്ടയത്തെ മേളയിലും ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ജോലി സംബന്ധമായ കാര്യങ്ങള്‍ കൃത്യമായി അറിയാം. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കാനും ഇതിലൂടെ രാജമ്മക്ക് കഴിയുന്നു.

 

പത്തനംതിട്ട ജില്ലയിലെ മേളയില്‍ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ സഹകരണം സന്തോഷം നല്‍കുന്നുവെന്ന് ഇവര്‍ പറയുന്നു. മാലിന്യം വലിച്ചെറിയുന്ന സ്വഭാവക്കാര്‍ കുറവാണെന്നതുതന്നെ പ്രധാന കാരണം. ഒപ്പം സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗാമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അവര്‍ മറച്ചുവയ്ക്കുന്നില്ല.

date