Skip to main content
കേരള വനം - വന്യജീവി വകുപ്പ് സെൻട്രൽ സർക്കിൾ ചാലക്കുടി ഡിവിഷൻ, ഫോറസ്റ്റ് ക്വാർട്ടേഴ്‌സ് കോംപ്ലക്സിന്റെയും, തൃശൂർ സോഷ്യൽ ഫോറെസ്ട്രി ഡിവിഷൻ വിദ്യാവനങ്ങളുടേയും ഫോറെസ്ട്രി ക്ലബ്ബിന്റെയും ഉദ്ഘാടനം  മന്ത്രി  എ.കെ. ശശീന്ദ്രൻ നിർവഹിക്കുന്നു

ജനകീയ പങ്കാളിത്തത്തോടെ വന്യജീവി ആക്രമണങ്ങളെ അതിജീവിക്കും; മന്ത്രി എ  കെ  ശശീന്ദ്രൻ 

 

വന്യജീവികളിൽ നിന്ന് ജനങ്ങളുടെ സ്വത്തിനും ജീവനും സംരംക്ഷണം നൽകുന്നതിന് ജനകീയ പങ്കാളിത്തത്തോടെ പുതിയ നിയമങ്ങൾ പാസാക്കാനാണ്  സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന്  വനം വന്യജീവി വകുപ്പ് മന്ത്രി എ  കെ  ശശീന്ദ്രൻ. സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മ പരിപാടിയുടെ  ഭാഗമായി  ചാലക്കുടിയിൽ നിർമിച്ച  ഫോറസ്റ്റ് ക്വാർട്ടേഴ്സ് കോംപ്ലക്സിന്റെയും തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ വിദ്യാവനങ്ങളുടെയും ഫോറസ്റ്റ് ക്ലബ്ബിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

വികേന്ദ്രീകൃത രൂപത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടത്താനാണ് സർക്കാർ  ഉദ്ദേശിക്കുന്നത്. മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള മുഖ്യ പങ്കാളികളാകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനസംരക്ഷണസേനയും തൊഴിലുറപ്പ് പ്രവർത്തകരും ഒത്തുചേർന്ന് പ്രതിരോധ സേനയ്ക്ക് രൂപം നൽകേണ്ടതുണ്ട്. എല്ലാവരുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് വേണം പരിഹാര മാർഗങ്ങൾ കണ്ടെത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. ജനവാസ മേഖലകളിൽ കയറി ആൾനാശവും കൃഷിനാശവും വരുത്തുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുക എന്നുള്ളത് സർക്കാരിൻ്റെയും വനം വകുപ്പിൻ്റെയും ചുമതലയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ചാലക്കുടി ഉൾപ്പെടെയുള്ള  സംസ്ഥാനത്തെ വിവിധ  മലയോര മേഖലകളിൽ വന്യജീവി ആക്രമണം  രൂക്ഷമാണ്. അതുകൊണ്ട് തന്നെ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച്  അവയെ വെടിവയ്ക്കുന്നതിന് മജിസ്ട്രേറ്റ്മാർക്കുള്ള അധികാരം  ആ പ്രദേശത്തെ പഞ്ചായത്ത് പ്രസിഡൻ്റുമാർക്കും മുൻസിപ്പൽ ചെയർമാൻ/ചെയർപേഴ്സൺമാർക്കും നൽകാനുള്ള ഉത്തരവ് ഉടൻ സർക്കാർ പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് പാസാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും  മന്ത്രി പറഞ്ഞു. 

വനംവകുപ്പ് ജീവനക്കാരുടെ സംതൃപ്തി ഉറപ്പുവരുത്തും. ഇതിനായി   ഉദ്യോഗസ്ഥരുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആധുനിക സൗകര്യങ്ങളോടുകൂടിയ വാഹനങ്ങളും ഉപകരണങ്ങളും വനംവകുപ്പിന് നൽകും. 50 വാഹനങ്ങൾ ഇതിനോടകം നൽകാൻ തീരുമാനിച്ച് കഴിഞ്ഞതായും മന്ത്രി അറിയിച്ചു. 

ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ  അധ്യക്ഷത വഹിച്ചു. ചാലക്കുടി മുൻസിപ്പൽ ചെയർമാൻ വി ഒ പൈലപ്പൻ ,തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജി പി മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്ലാനിംഗ് ആന്റ് ഡെവലപ്പ്മെൻ്റ് പ്രിൻസിപ്പൽ ഡി ജയപ്രസാദ്, മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ  തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പുതുതായി നിർമിച്ച ക്വാർട്ടേഴ്സിൻ്റെ താക്കോൽദാനവും ചടങ്ങിൽ നടന്നു.

date