Skip to main content

കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ നീലേശ്വരം നഗരസഭ യോഗം ചേര്‍ന്നു

 

നീലേശ്വരം നഗരസഭയില്‍ കാലവര്‍ഷത്തിന്റെ മുന്നോടിയായി മുനിസിപ്പല്‍ തലത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ അടിയന്തിര യോഗം നഗരസഭാ അനക്‌സ് ഹാളില്‍ ചേര്‍ന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി. ശാന്തയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി സ്വാഗതവും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വി. ഗൗരി, പി. സുഭാഷ്, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍മാരായ  ഇ ഷജീര്‍, പി ഭാര്‍ഗ്ഗവി, ഷംസുദ്ദീന്‍ അരിഞ്ചിറ, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളെ പ്രതിനിധീകരിച്ച് നീലേശ്വരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍, നീലേശ്വരം വില്ലേജ് ഓഫീസര്‍ കെ വി ബിജു, പേരോല്‍ വില്ലേജ് ഓഫീസര്‍ വത്സല, സെക്രട്ടറി സി.കെ. ശിവജി, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി. മോഹനന്‍, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീജ ലത, എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ. മനോജ് കുമാര്‍ നന്ദി പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ഡ്രെയിനേജ് സംവിധാനം ഫലപ്രദമാക്കും. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് തോടുകള്‍ ശുചീകരിക്കും. മുഴുവന്‍ വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികളും മെയ് 31 ന് മുമ്പ് വിളിച്ചു ചേര്‍ക്കും. വെള്ളം കയറാന്‍ സാധ്യതയുള്ള വാര്‍ഡുകളില്‍ ജാഗ്രതാ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. വെള്ളക്കെട്ട് ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പമ്പ് സെറ്റ് വെച്ച് വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കുന്നതിനുള്ള സംവിധാനം ഒരുക്കും. സന്നദ്ധസേന, എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം എന്നിവ ഒരുക്കിനിര്‍ത്തും. മരങ്ങള്‍, മരച്ചില്ലകള്‍, ബോര്‍ഡുകള്‍ എന്നിവ അപകാടവാസ്ഥയിലെങ്കില്‍ നീക്കം ചെയ്യും. വാര്‍ഡുകളില്‍ നടത്തുന്ന യോഗങ്ങളില്‍ നഗരസഭ ഉദ്യോഗസ്ഥരും, റവന്യൂ, പോലീസ്, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുക്കും. പ്രദേശത്തെ തോണികള്‍, ചെറുവള്ളങ്ങള്‍ എന്നിവയുടെ ലിസ്റ്റ് തയ്യാറാക്കി വെക്കും. ദുരിതാശ്വാസ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ പേരു വിവരങ്ങള്‍ തയ്യാറാക്കും. ദുരന്ത നിവാരണ സമിതി കോര്‍ഡിനേറ്ററായി റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ. മനോജ് കുമാറിനെ തീരുമാനിച്ചു.

date