Skip to main content

ഭിന്നശേഷിക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനുള്ള രജിസ്‌ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാകും: ജില്ലാ കളക്ടര്‍

ഭിന്നശേഷിക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡായ യു.ഡി.ഐ.ഡിക്ക് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ തിരുവനന്തപുരം ജില്ലയില്‍  പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ.ഭിന്നശേഷിക്കാര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഉപകരിക്കുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡാണ് യു.ഡി.ഐ.ഡി.  തദ്ദേശ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ വഴി രജിസ്റ്റര്‍ ചെയ്യാം. സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.    

ഭിന്നശേഷിക്കാര്‍ക്ക് വ്യക്തിവിവരങ്ങള്‍, വൈകല്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, തൊഴില്‍ വിവരങ്ങള്‍, തിരിച്ചറിയല്‍ രേഖ എന്നിവ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിനോടകം ജില്ലയില്‍ 17,662 പേര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തവര്‍ പിന്നീട് ചെയ്യേണ്ടതില്ല. ഭിന്നശേഷിക്കാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. രജിസ്ട്രേഷന്‍ ക്യാമ്പുകളെ സംബന്ധിച്ചുള്ള തുടര്‍യോഗം മെയ് 23 ന് ചേരും.                       

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ വിനീത് ടി.കെ, സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

date