Skip to main content

മഴക്കാലപൂര്‍വ ശുചീകരണം മെയ് 29 ന് മുന്‍പ് പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

ജില്ലയിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് 29 ന് മുന്‍പായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാറിന്റെയും കളക്ടറുടെയും അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ഫോഗിങ്, ബ്ലീച്ചിങ് എന്നിവ നടത്തി കൊതുക് ശല്യം കുറയ്ക്കാനും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും തീരുമാനിച്ചു. വാര്‍ഡ് തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊതുകിന്റെ ഉറവിടങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യും. മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ചയും പൊതു ഓഫീസുകളില്‍ ശനിയാഴ്ചയും വീടുകളില്‍ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കും. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആരോഗ്യ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. മാലിന്യ സംസ്‌കരണവും പരിസര ശുചീകരണവും വിലയിരുത്താനായി ശുചിത്വ സ്‌ക്വാഡുകള്‍ വീടുകളിലെത്തും.  ജലജന്യ രോഗങ്ങള്‍ പകരാതിരിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.  ഡി.എം.ഒ , ശുചിത്വ - ഹരിത കേരളം മിഷന്‍ ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

date