Skip to main content

കണക്ട് കരിയർ ടു ക്യാമ്പസ് നാളെ (02 ഓഗസ്റ്റ് ) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

അഞ്ച് വർഷം കൊണ്ട് നാൽപത് ലക്ഷം യുവജനങ്ങൾക്ക് പരിശീലനവും ഇരുപത് ലക്ഷം പേർക്ക് തൊഴിലും നൽകി  കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി കേരളത്തിലെ കലാലയങ്ങളിൽ  നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം ബോധവൽക്കരിക്കാനും, തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്ന ഡി.ഡബ്ലൂ.എം.എസ് പ്ലാറ്റ്ഫോം പരിചയപ്പെടുത്തുന്നതിനുമായി  ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെയും  കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  ''കണക്ട് കരിയർ ടു ക്യാമ്പസ്'' പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ (02 ഓഗസ്റ്റ് ) രാവിലെ11.30 ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.  ഈ പദ്ധതി കലാലയങ്ങളിൽ ഫലപ്രദമായി നടപ്പാക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് പദ്ധതി വിശദീകരണവും ഇതിനോടൊപ്പം നടക്കും.

നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ  സെന്ററിൽ നടക്കുന്ന പരിപാടിയിൽ  ഉന്നത വിദ്യാഭാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ  ബിന്ദു അധ്യക്ഷത വഹിക്കും. സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭാസ -പരിശീലന രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്ന റെഗുലേറ്ററി ബോഡിയായ നാഷണൽ കൌൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് (എൻ.സി.വി.ഇ .ടി ) യുടെ അസസ്‌മെൻറ് ഏജൻസിയും അവാർഡിംഗ് ബോഡിയുമായി തിരഞ്ഞെടുക്കപ്പെട്ട ഇരട്ട അംഗീകാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും, കോളേജ് പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കായി ഡി.ഡബ്ലു.എം.എസിൽ ഒരുക്കുന്ന ഇന്റേൺഷിപ്പ് പോർട്ടലിന്റെ ഉദ്ഘാടനവും  മന്ത്രി നിർവ്വഹിക്കും.

തൊഴിൽമേഖലയിലേക്കാവശ്യമായ മാനുഷിക വിഭവത്തിന്റെ ലഭ്യതയും ആവശ്യവും വിതരണവും കൈകാര്യം ചെയ്യുന്ന, തൊഴിൽ അന്വേഷകരെയും, തൊഴിൽ ദാതാക്കളെയും, നൈപുണ്യ വികസന സ്ഥാപനങ്ങളെയും ഒരുമിച്ച് ഒരു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുന്ന 'പ്ലാറ്റ്‌ഫോം  ഓഫ്  പ്ലാറ്റ്‌ഫോംസ്'  ആയി രൂപകൽപന ചെയ്തിരിക്കുന്ന ഡി.ഡബ്ലു.എം.എസ്  കണക്ട്'  മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.

നൈപുണ്യ വികസന ഏജൻസികളുടെ കോഴ്‌സുകൾ സംയോജിപ്പിച്ച് വ്യവസായ മേഖലയുടെ നൂതന ആവശ്യങ്ങൾക്കനുസരിച്ചുള്ള കോഴ്‌സുകൾ തൊഴിലന്വേഷകർക്ക് ലഭ്യമാക്കുന്ന സ്‌കിൽ കാറ്റലോഗിന്റെ  ഉദ്ഘാടനം   വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും.

ഡി.ഡബ്ലു.എം.എസ്  പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ തൊഴിലന്വേഷകർക്കും ആത്മവിശ്വാസത്തോടെ ഒരു അഭിമുഖത്തിൽ എങ്ങനെ  പങ്കെടുക്കാം, ഗ്രൂപ്പ് ഡിസ്‌കഷൻ, മോക്ക് ഇന്റർവ്യൂ തുടങ്ങിയവയെക്കുറിച്ചുള്ള പരിശീലനം നൽകി  തൊഴിലന്വേഷകരെ തൊഴിലിലേക്ക് നയിക്കുവാനും സഹായിക്കുന്ന വർക്ക് റെഡിനസ്സ് പരിപാടിയുടെ  ഉദ്ഘാടനവും കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിക്കുന്ന  സി.ഐ. ഐ, ലിൻകഡ് ഇൻ, അവൈൻ, ബ്രിട്ടീഷ് കൗൺസിൽ, ടി - സീക്, വേൾഡ് മലയാളി കൗൺസിൽ എന്നീ ഏജൻസികളുമായുള്ള സഹകരണത്തിന്റെ  പ്രഖ്യാപനവും  ധനകാര്യ  മന്ത്രി  കെ.എൻ ബാലഗോപാൽ നിർവ്വഹിക്കും. ഇവരുമായുള്ള ധാരണാപത്ര കൈമാറ്റവും ചടങ്ങിൽ നടക്കും.
പി.എൻ.എക്സ്. 3433/2022

date