Skip to main content

കുണ്ടൻചാൽ കോളനിയിലെ അപകടാവസ്ഥ: എൻ ഐ ടി സംഘം സന്ദർശിക്കും 

 

ചിറക്കൽ ഗ്രാമ പഞ്ചായത്തിലെ തട്ടു കോളനിയായ കുണ്ടൻചാൽ കോളനിയിലെ അപകടാവസ്ഥ പരിശോധിച്ച് പരിഹരിക്കാൻ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (എൻ ഐ ടി) സഹായം തേടും. ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതിയുടെ അധ്യക്ഷതയിൽ ചേർന്ന  സർവ്വ കക്ഷി യോഗത്തിലാണ്  തീരുമാനമായത്.

കുണ്ടൻചാൽ കോളനിയിലെ പാർശ്വഭിത്തികൾ ഇളകി മണ്ണൊലിപ്പും താഴെയുള്ള വീടുകൾക്ക് മുകളിൽ  മണ്ണ് വീണ് അപകടവും ഉണ്ടാകാനിടയുള്ള സാഹചര്യം മുൻകൂട്ടി കണ്ട് ശാശ്വത പരിഹാരം നിർദ്ദേശിക്കാനാണ് കോഴിക്കോട് എൻ ഐ ടിയുടെ വിദഗ്ദ സംഘമെത്തുക. പരിശോധനാ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ കോളനിയിലെ പ്രശ്നങ്ങൾക്കുള്ള  ശാശ്വത പരിഹാരം കണ്ടെത്താനുള്ള നടപടികൾ എടുക്കാൻ യോഗത്തിൽ  തീരുമാനിച്ചു.

ഒരു മാസം മുൻപ്  കാലവർഷം ശക്തി പ്രാപിച്ചപ്പോൾ കോളനിവാസികളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ അഴീക്കോട് മണ്ഡലം ദുരന്ത നിവാരണ സമിതി നിർദ്ദേശിച്ചിരുന്നു.  സർവ്വകക്ഷി യോഗത്തിൽ കെ വി സുമേഷ് എംഎൽഎ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, എഡിഎം കെ കെ ദിവാകരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, കുണ്ടൻചാൽ കോളനിവാസി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

date