Skip to main content

സംസ്ഥാന ക്ഷേത്രകലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

 

 

പെരുവനം കുട്ടൻ മാരാർക്ക് ക്ഷേത്രകലാശ്രീ, ഗുരു എൻ വി കൃഷ്ണന് ക്ഷേത്രകലാ ഫെലോഷിപ്പ്

 

ക്ഷേത്രകലാ അക്കാദമി 2021ലെ ക്ഷേത്രകലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് പെരുവനം കുട്ടൻ മാരാരും ക്ഷേത്രകലാ ഫെലോഷിപ്പിന് നാട്യാചാര്യ ഗുരു എൻ വി കൃഷ്ണനും അർഹരായി. ഇതോടൊപ്പം 23 ക്ഷേത്രകലാ പുരസ്‌കാരങ്ങളും ഏഴ് ഗുരുപൂജ പുരസ്‌കാരങ്ങളും നാല് യുവപ്രതിഭാ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. യക്ഷഗാനത്തിന് അപേക്ഷകർ ഉണ്ടായില്ല. ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് 25,001 രൂപയും ക്ഷേത്രകലാ ഫെലോഷിപ്പിന് 15,001 രൂപയും മറ്റ് പുരസ്‌കാരങ്ങൾക്ക് 7500 രൂപയുമാണ് പുരസ്‌കാര തുക. ഇതോടൊപ്പം പ്രശസ്തി പത്രവും ശിൽപവും നൽകും. കണ്ണൂർ പി ആർ ഡി ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ ക്ഷേത്രകലാ അക്കാദമി ഭരണസമിതി അംഗം കൂടിയായ എം വിജിൻ എംഎൽഎ, ചെയർമാൻ ഡോ. കെ എച്ച് സുബ്രഹ്മണ്യൻ എന്നിവരാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

പുരസ്‌കാര ജേതാക്കളുടെ പേര്, സ്ഥലം വിഭാഗം എന്നിവ യഥാക്രമം. ക്ഷേത്രകലാ പുരസ്‌കാരങ്ങൾ: കെ വി നാരായണൻ കാങ്കോൽ -അക്ഷരശ്ലോകം, കലാമണ്ഡലം ശിവരാമൻ പാലക്കാട്-കഥകളി, പി വത്സൻ മൂശാരിക്കൊവ്വൽ -ലോഹശിൽപം, രാജൻ മാടായി - ചുമർചിത്രം, ടിവി രത്‌നകുമാർ കരിവെള്ളൂർ - തുള്ളൽ, കല്ലാറ്റ് മണികണ്ഠൻ കുന്നംകുളം - ക്ഷേത്രവൈജ്ഞാനിക സാഹിത്യം, സി സേതുമാധവൻ ഗുരുവായൂർ-കൃഷ്ണനാട്ടം, അമ്മന്നൂർ രാജൻ ചാക്യാർ തൃശ്ശൂർ - ചാക്യാർ കൂത്ത്, തെക്കടവൻ നാരായണൻ പണിക്കർ മണിയാണി ഇളമ്പച്ചി - ചെങ്കൽശിൽപം, പിവി രാമകൃഷ്ണൻ ശിൽപ്പി, കാരന്താട് - ശിലാശിൽപം, പി എം രമ തൃശ്ശൂർ-ബ്രാഹ്മണിപ്പാട്ട്, സുരേഷ്ബാബു മാരാർ എരമം-ക്ഷേത്രവാദ്യം, ടി രാമൻകുട്ടി കുറുപ്പ് മലപ്പുറം-കളമെഴുത്ത്, മുളങ്കുന്നത്ത്കാവ് തീയാടി രാമൻ നമ്പ്യാർ തൃപ്പൂണിത്തുറ-തീയാടിക്കൂത്ത്, ആനന്ദലക്ഷ്മി എൻ എസ് കോട്ടയം-തിരുവലങ്കാരമാലക്കെട്ട്, സന്തോഷ് കൈലാസ് കോഴിക്കോട്-സോപാന സംഗീതം, മനോരമ ബാലകൃഷ്ണൻ കണ്ണൂർ-മോഹിനിയാട്ടം, മാർഗി മധു ചാക്യാർ ആലുവ-കൂടിയാട്ടം, സുനിൽ തഴക്കര ആലപ്പുഴ-ദാരുശിൽപം, ഡോ. എ എസ് പ്രശാന്ത് കൃഷ്ണൻ ചിറക്കൽ കണ്ണൂർ-ശാസ്ത്രീയ സംഗീതം, കലാമണ്ഡലം സിന്ധു ചെറുതുരുത്തി-നങ്ങ്യാർകൂത്ത്, കലാമണ്ഡലം ഗോപിനാഥൻ നമ്പ്യാർ ഷൊർണ്ണൂർ-പാഠകം, പി കെ ധനഞ്ജയ -തിടമ്പുനൃത്തം.

ഗുരുപൂജാ പുരസ്‌ക്കാരം: നല്ലൂർ വീട്ടിൽ സുകുമാരൻ വെള്ളോറ-കഥകളി, മുരളീധരൻ ടിവി കുഞ്ഞിമംഗലം - ലോഹശിൽപം, പ്രഭാകരൻ പുന്നശ്ശേരി കോഴിക്കോട്-തുള്ളൽ, കരയടം ചന്ദ്രൻ ചെറുതാഴം-ക്ഷേത്രവാദ്യം, എടക്കാട് രാധാകൃഷ്ണമാരാർ സോപാനസംഗീതം, സി ഗോപാലകൃഷ്ണൻ പയ്യന്നൂർ-ശാസ്ത്രീയ സംഗീതം, കിഴക്കില്ലം ഈശ്വരൻ നമ്പൂതിരി കോറോം-തിടമ്പുനൃത്തം.

യുവപ്രതിഭാ പുരസ്‌ക്കാരം: പത്മദാസ് പി മൂശാരിക്കൊവ്വൽ-ലോഹശിൽപം, കടന്നമണ്ണ ശ്രീനിവാസൻ, മലപ്പുറം-കളമെഴുത്ത്, ചിറക്കൽ നിധീഷ് കണ്ണൂർ-ക്ഷേത്രവാദ്യം, എം ധനേഷ് വാര്യർ കൂടാളി -തിരുവലങ്കാരമാലക്കെകട്ട്.

വാർത്താ സമ്മേളനത്തിൽ സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, സ്പെഷൽ ഓഫീസർ എൻ കെ ബൈജു, ഭരണസമിതി അംഗങ്ങളായ സി കെ രവീന്ദ്രവർമ്മരാജ, ചെറുതാഴം ചന്ദ്രൻ എന്നിവരും പങ്കെടുത്തു.

date