Skip to main content

പൊലി പദ്ധതി ജനകീയമാക്കാന്‍  പുരസ്‌കാരവുമായി പി.വി ശ്രീനിജിന്‍ എം.എല്‍.എ

 

കുടുംബശ്രീ ജില്ല മിഷന്റെ നൂതന പദ്ധതിയായ 'പൊലി' അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതി കുന്നത്തുനാട് മണ്ഡലത്തില്‍ ജനകീയമാക്കാനുള്ള നടപടിയുമായി പി.വി ശ്രീനിജിന്‍ എം.എല്‍.എ. പദ്ധതിയുടെ ഭാഗമായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മണ്ഡല പരിധിയിലുള്ള അയല്‍ക്കൂട്ടത്തിനും എ.ഡി.എസിനും സി.ഡി.സിനും പ്രത്യേകമായി എം.എല്‍.എ പുരസ്‌കാരങ്ങള്‍ നല്‍കാനാണ് തീരുമാനം. മൂന്ന് വിഭാഗങ്ങളിലായി 50,000 രൂപയാണ് ക്യാഷ് അവാര്‍ഡായി നല്‍കുന്നത്. 

ഓണത്തോടനുബന്ധിച്ച് വിഷരഹിത ജൈവ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുകയും കുടുംബങ്ങളെ കാര്‍ഷികവൃത്തിയിലേക്ക് ആകര്‍ഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഏറ്റവും മികച്ച സി.ഡി.എസിന് 25,000 രൂപയും എ.ഡി.എസിന് 15,000 രൂപയും ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്ന മികച്ച കുടുംബശ്രീ അയല്‍ക്കൂട്ടത്തിന് 10,000 രൂപയും  നല്‍കും. അയല്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരത്തിലൂടെ മികച്ച ഫലമുണ്ടാക്കുക  എന്ന ലക്ഷ്യത്തോടെയാണ് പുരസ്‌കാരം നല്‍കുന്നത്. 

അഞ്ചംഗ അവാര്‍ഡ് നിര്‍ണയ സമിതിയാണ് പ്രകടനം വിലയിരുത്തി പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നത്. മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന രണ്ട് കൃഷി ബ്ലോക്കുകളിലെയും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരും കുടുംബശ്രീ കോര്‍ഡിനേറ്ററും ഉള്‍പ്പെടുന്ന സമിതിയില്‍ ഒരു കര്‍ഷക പ്രതിനിധിയും  പൊതുപ്രവര്‍ത്തകനുമാണ് മറ്റ് അംഗങ്ങള്‍. 

പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തിയാകും അന്തിമഫലം പ്രഖ്യാപിക്കുക. സ്ഥല ലഭ്യത കുറഞ്ഞ മേഖലകളില്‍ പൊലിയുടെ ഭാഗമായി ഗ്രോ ബാഗ് സൗകര്യം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തില്‍ വിവിധ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് കുടുംബശ്രീ ജില്ലാ മിഷനും ക്യാഷ് അവാര്‍ഡ് നല്‍കും.

date