Skip to main content

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന കെടുതികൾ ലഘൂകരിക്കേണ്ടത് പ്രധാന ഉത്തരവാദിത്തം: മുഖ്യമന്ത്രി

കാലാവസ്ഥാ വ്യതിയാനം വരുത്തിവെക്കുന്ന കെടുതികൾ ശാസ്ത്രീയ സമീപനത്തിലൂടെയും വിശകലനത്തിലൂടെയും ലഘൂകരിച്ച് കൊണ്ടുവരേണ്ടത് പ്രധാന ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഒരേ സമയം ദുഷ്‌കരവും വിപുലവുമായ വെല്ലുവിളികളാണ് കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവിലും മഴ പെയ്യുന്ന പാറ്റേണിലും വ്യത്യാസം കാണുന്നു. ഇതിന്റെ തിക്തഫലം കാർഷിക മേഖല ഉൾപ്പെടെ താറുമാറാക്കി സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നു, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (ഐ.സി.സി.എസ്) സംഘടിപ്പിക്കുന്ന ദ്വിദിന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്ന മേഖലകളെ വലിയ തോതിൽ ആശ്രയിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. അത് കൊണ്ട് തന്നെ കാലാസ്ഥാ മാറ്റങ്ങളെ ശാസ്ത്രീയമായ രീതിയിൽ മനസ്സിലാക്കി അതിന്റെ കെടുതികൾ പരമാവധി ഒഴിവാക്കാനും ജീവനും ജീവിതോപാധികളും നാശോൻമുഖമാകാതിരിക്കാനുമുള്ള മുൻകരുതലുകളും സ്വീകരിക്കേണ്ടതുണ്ട്.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് എല്ലാ ചോദ്യങ്ങൾക്കും ആർക്കും പൂർണ ഉത്തരമില്ല.  ലഭ്യമാകുന്ന പുതിയ വിജ്ഞാനം പങ്കിട്ടും എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് കൂട്ടായി അപഗ്രഥിച്ചുമാണ് മുന്നോട്ട് പോകേണ്ടത്. പരസ്പര ആശയവിനിമയവും നിരന്തര ജാഗ്രതയും ഈ വിഷയത്തിൽ ഉണ്ടാകണം. കാലാവസ്ഥാ വ്യതിയാന മേഖലയിലെ തിങ്ക്ടാങ്കായി ഐ.സി.സി.എസിന് മാറാൻ സാധിക്കട്ടെ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.

ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സ് ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി കെ.പി സുധീർ അധ്യക്ഷത വഹിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡി.ജി.എം ഡോ. എം മഹാപാത്ര, അഡീഷനൽ ചീഫ് സെക്രട്ടറി വേണു വി.,  റീജിയണൽ ഇന്റഗ്രേറ്റഡ് മൾട്ടി ഹസാർഡ് ഏർലി വാർണിംഗ് സിസ്റ്റം ഫോർ ആഫ്രിക്ക ആൻഡ് ഏഷ്യ ബാങ്കോക് മുഖ്യ ശാസ്ത്രജ്ഞൻ ജി.ശ്രീനിവാസ്, ഐ.സി.സി.എസ് ഡയറക്ടർ ഡി. ശിവാനന്ദ പൈ, സുനീൽ പാമിഡി തുടങ്ങിയവർ സംസാരിച്ചു. ചൊവ്വാഴ്ച അവസാനിക്കുന്ന ശിൽപ്പശാലയിൽ വിവിധ സെഷനുകൾ നടക്കും.
പി.എൻ.എക്സ്. 3436/2022

date