Skip to main content

റഫറൽ സംവിധാനം ആദ്യഘട്ടം തിരുവനന്തപുരം ജില്ലയിൽ: മന്ത്രി വീണാ ജോർജ്

മെഡിക്കൽ കോളേജുകളുടെ ഭാരം കുറയ്ക്കാനും രോഗികൾക്ക് തൊട്ടടുത്തുള്ള ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കാനുമായുള്ള റഫറൽ, ബാക്ക് റഫറൽ സംവിധാനം ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കും. ആശുപത്രിയിൽ സൗകര്യങ്ങൾ ഉണ്ടെന്നിരിക്കെ രോഗികളെ അനാവശ്യമായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാൻ പാടില്ല. ഓരോ ആശുപത്രിയിലും റഫറൽ രജിസ്റ്റർ ഉണ്ടായിരിക്കും. നൽകിയ ചികിത്സയും ഏത് സാഹചര്യത്തിലാണ് റഫർ ചെയ്തതെന്നും വ്യക്തമാക്കിയിരിക്കണം. ആശുപത്രി സൂപ്രണ്ട് റഫറൽ രജിസ്റ്റർ കൃത്യമായി പരിശോധിക്കേണ്ടതാണ്. ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകണം. അനാവശ്യ റഫറൻസുകൾ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
നിലവിലെ റഫറൽ, ബാക്ക് റഫറൽ മാനദണ്ഡങ്ങൾ പുതുക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ദ്വിതീയതല ആശുപത്രികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഡോക്ടർമാരുൾപ്പെടെയുള്ളവർക്ക് വിദഗ്ധ പരിശീലനം നൽകും. ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികൾക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കിയായിരിക്കും റഫറൽ, ബാക്ക് റഫറൽ സംവിധാനം നടപ്പിലാക്കുക. ഒരാശുപത്രിയിലുള്ള രോഗിയെ ദൂരെയുള്ള മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാതെ തൊട്ടടുത്ത് സ്പെഷ്യാലിറ്റി സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രിയിലേക്കാണ് റഫർ ചേയ്യേണ്ടത്. ഇതിലൂടെ സമയം നഷ്ടപ്പെടാതെ ചികിത്സ ലഭിക്കാനും അധികദൂരം യാത്ര ചെയ്യാതിരിക്കാനും കഴിയുന്നു.
താലൂക്ക് ആശുപത്രികൾ മുതൽ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാണ്. മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും മുതൽ ഇ സഞ്ജീവനി ഡോക്ടർ ടു ഡോക്ടർ സംവിധാനം വഴി സെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാണ്. ഈ സൗകര്യങ്ങൾ ഉപയോഗിക്കാതെ അനാവശ്യമായി രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുന്നതിലൂടെ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇത് മെഡിക്കൽ കോളേജിനും ബുദ്ധിമുട്ടുണ്ടാക്കും.
റഫറൽ സംവിധാനത്തോടൊപ്പം ബാക്ക് റഫറൽ സംവിധാനത്തിനും മാറ്റം വരുത്തും. മെഡിക്കൽ കോളേജിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷമുള്ള തുടർ ചികിത്സയ്ക്കായി രോഗിയുടെ വീടിന് തൊട്ടടുത്തുള്ള ആശുപത്രികളിൽ ബാക്ക് റഫർ ചെയ്യുന്നതാണ്. ഇതിലൂടെ രോഗികൾക്ക് വീടിന് തൊട്ടടുത്ത് തുടർ പരിചരണം ലഭ്യമാകും.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. പി.പി. പ്രീത, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, എസ്.എച്ച്.എസ്.ആർ.സി. എക്സി. ഡയറക്ടർ ഡോ. ജിതേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് സൂപ്രണ്ട്, ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 3505/2022
 

date