Skip to main content

ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി കൊടുങ്ങല്ലൂർ നഗരസഭ

 

മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളെ മാറി പാർപ്പിക്കുന്നതിന്  ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിന്  എല്ലാ സജ്ജീകരണങ്ങളും ഒരുക്കി  കൊടുങ്ങല്ലൂർ നഗരസഭ. നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

ആദ്യഘട്ടത്തിൽ കൊടുങ്ങല്ലൂർ ബോയ്സ് സ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിവ ക്യാമ്പുകൾ ആയി മാറ്റും. കിടപ്പു രോഗികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് വാഹനങ്ങൾ സജ്ജമാക്കുന്നതിന് തീരുമാനിച്ചു. ക്യാമ്പുകളിൽ ഭക്ഷണം ഉൾപ്പെടെ  സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് റവന്യൂ,  നഗരസഭ ഉദ്യോഗസ്ഥരെ  ചുമതലപ്പെടുത്തി.. 

താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ  ക്യാമ്പിലേക്ക് പോകേണ്ടി വന്നാൽ അത്യാവശ്യ വസ്തുക്കളായ മരുന്നുകൾ, റേഷൻ കാർഡ്  ഉൾപ്പെടെയുള്ള രേഖകൾ,  വസ്ത്രങ്ങൾ എന്നിവ മുൻകൂട്ടി തയ്യാറാക്കി വെക്കണമെന്ന് നിർദ്ദേശിച്ചു. അധികൃതരിൽ നിന്ന് നിർദ്ദേശം ലഭിച്ചാൽ എത്രയും വേഗം ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ ഫയർഫോഴ്സിന്റെയും പൊലീസിന്റെയും സഹായങ്ങൾ ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.  

കൂടുതൽ ക്യാമ്പുകൾ ആവശ്യമായി വന്നാൽ  മറ്റ് സ്ഥാപനങ്ങളിലും സൗകര്യങ്ങൾ  ഏർപ്പെടുത്താൻ റവന്യൂ അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി  ചെയർമാൻമാരായ ലത ഉണ്ണികൃഷ്ണൻ, കെ എസ് കൈസാബ്, ഒ എൻ ജയദേവൻ, എൽ സി പോൾ, കൗൺസിലർമാരായ ടി എസ് സജീവൻ, വി എം ജോണി, സെക്രട്ടറി എസ്  സനിൽ എന്നിവർ സംസാരിച്ചു. റവന്യൂ, പൊലീസ്, ഫയർഫോഴ്സ് , കെ എസ് .ഇ .ബി,  ഹെൽത്ത് , വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാർ പങ്കെടുത്തു.

date