Skip to main content
എടക്കട് ബ്ലോക്ക് പഞ്ചായത്തിന്റെ  'ഒരു കയ്യില്‍ പാലും മറു കയ്യില്‍ പച്ചക്കറിയും' എന്ന പദ്ധതിയിലൂടെ വാങ്ങിയ പശുവുമായി പെരളശ്ശേരി മുണ്ടല്ലൂരിലെ കെ ഗീത

സ്വയം തൊഴില്‍ കരുത്തായി; വിജയ വീഥിയില്‍ ഈ വനിതാ രത്നങ്ങള്‍

ഒന്നര വര്‍ഷം മുമ്പ് വരെ പെരളശ്ശേരി മുണ്ടല്ലൂര്‍ മഞ്ചക്കാട്ട് വീട്ടില്‍  കെ ഗീത ദിവസക്കൂലി വാങ്ങുന്ന ഒരു തൊഴിലാളിയായിരുന്നു. എന്നാലിന്ന്  എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 'ഒരു കയ്യില്‍ പാലും മറു കയ്യില്‍ പച്ചക്കറിയും' എന്ന പദ്ധതി ഗീതയുടെ ജീവിതത്തിന്റെ ഗതി മാറ്റിക്കഴിഞ്ഞു.  പശു , കോഴി എന്നിവയെ വളര്‍ത്തിയും പച്ചക്കറി കൃഷിചെയ്തും  കൂടുതല്‍ വരുമാനം കണ്ടെത്തുന്ന വീട്ടമ്മയാണവരിന്ന്. സ്വയം തൊഴിലിലൂടെ ജീവിതം പച്ചപിടിപ്പിച്ച സ്ത്രീ. ഭർത്താവ് ഫൽഗുനന്റെ  സജീവ പിന്തുണയും ഗീതയ്ക്ക് സഹായമായി.   ഇത് ഗീതയുടെ മാത്രം കഥയല്ല, ബ്ലോക്ക് പഞ്ചായത്തിലെ 25 വനിതകള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്തിന്റെ  പദ്ധതി വരുമാനത്തോടൊപ്പം  ആത്മവിശ്വാസവും  പകര്‍ന്നത്.
സ്ത്രീകളെ സ്വയം തൊഴിലിനും സംഭരണ, വിതരണത്തിനും പ്രാപ്തരാക്കുക, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നിവയാണ് പദ്ധതിയുടെ  ലക്ഷ്യങ്ങള്‍. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കൊളച്ചേരി, മുണ്ടേരി, പെരളശ്ശേരി, കടമ്പൂര്‍ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കിയത്. കുടുംബശ്രീ അംഗങ്ങളെ അഞ്ച് അംഗ ഗ്രൂപ്പുകളാക്കി ഒരാള്‍ക്ക് 44000 രൂപ സബ്സിഡി നല്‍കി. ഇങ്ങനെ ഒരു ഗ്രൂപ്പിന് രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ ലഭിച്ചു. ഒരു പശു, പത്ത് മുട്ടക്കോഴികള്‍ എന്നിവയെ വാങ്ങിയതിനൊപ്പം കോഴിക്കുടും ഓരോരുത്തരും ഒരുക്കി. കൂടാതെ ഇഞ്ചി, മഞ്ഞള്‍, മറ്റ് പച്ചക്കറികള്‍ എന്നിവയുടെ കൃഷിയും തുടങ്ങി. 10 സെന്റ് സ്ഥലത്ത് നടപ്പാക്കാന്‍ സാധിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്.
ദിവസവും ഒരു പശുവില്‍ നിന്ന് ശരാശരി 15 ലിറ്റര്‍ പാല്‍ ലഭിക്കുന്നുണ്ടെന്ന് കെ ഗീത പറഞ്ഞു. പെരളശ്ശേരിയിലെ ടി രമ, കെ പ്രമീള, പി ചന്ദ്രലേഖ, എന്‍ അജിത എന്നിവരും ഗീതയുടെ ഗ്രൂപ്പിലുണ്ട്. സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയിലൂടെ വിജയം നേടാന്‍ സ്ത്രീ സംരഭകര്‍ക്ക് സാധിച്ചെന്ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള പറഞ്ഞു

date